ലണ്ടന്‍- അനധികൃത കുടിയേറ്റം കണ്ടെത്താന്‍ യുഎസ് കുടിയേറ്റ വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ ഫേസ്ബുക്കില്‍ ചട്ടംലംഘിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കിയെന്ന് ഫേസ്ബുക്ക്. യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴസ്‌മെന്റ് വകുപ്പാണ് വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. മറ്റുള്ളവരെ പോലെ നിയമപാലകരായ ഉദ്യോഗസ്ഥര്‍ക്കും ഫേസബുക്കിന്റെ നയം ഒന്നാണെന്നും യഥാര്‍ത്ഥമല്ലാത്ത പേരോ വിലാസമോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കമ്പനിയുടെ ചട്ടമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
വ്യാജ കുടിയേറ്റക്കാരെ കണ്ടെത്താന്‍ യുഎസ് ഇമിഗ്രേഷന്‍ വകുപ്പിന്റെ അന്വേഷണം സംഘം യൂണിവേഴ്‌സിറ്റി ഓഫ് ഫാമിങ്ടണ്‍ എന്ന പേരില്‍ വ്യാജ യൂണിവേഴ്‌സിറ്റിയുടെ പരസ്യം നല്‍കി 600ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇവരില്‍ 90 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഈ വ്യാജ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുത്തിയാണ് അധികൃതര്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. ഫാമിങ്ടണ്‍ യൂണിവേഴ്‌സിറ്റിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും വെബ്‌സൈറ്റും ഉണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥ കാമ്പസോ അധ്യാപകരോ ഉണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ അലി എജ മിലാനിക്ക് 51 പേരാണ് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉളളത്. ഇവരിലേറെയും ദക്ഷിണേഷ്യക്കാരായിരുന്നു. എല്ലാ വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു.
യുഎസ് കുടിയേറ്റ വകുപ്പ് നടത്തിയ സ്റ്റിങ് ഓപറേഷന്റെ ഭാഗമായിരുന്നു ഈ വ്യാജ യൂണിവേഴ്‌സിറ്റി. ഇവിടെ പണം നല്‍കി പ്രവേശനം നേടിയ വിദേശ വിദ്യാര്‍ത്ഥികളെ യുഎസ് അധികൃതര്‍ പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ 80 ശതമാനത്തോളം പേര്‍ തെലങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഉള്ളവരായിരുന്നു. 172 പേരെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിനിരയായ 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരിയില്‍ മടങ്ങിയെത്തിയിരുന്നു. 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഏട്ട് റിക്രൂട്ടര്‍മാരുമാാണ് യുഎസ് അധികൃതരുടെ പിടിയിലുള്ളത്. 20,000 മുതല്‍ 25,000 ഡോളര്‍ വരെ നല്‍കിയാണ് വ്യാജ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. പണം നല്‍കി അനധികൃതമായി രാജ്യത്ത് താമസമാക്കുന്നവരെ പിടികൂടാനായിരുന്നു ഈ രഹസ്യാന്വേഷണം.