ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സംഭാവന സ്വീകരിക്കുന്നവരുടെ പേരുകളും തുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ മുദ്രവെച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മെയ് 15 വരെ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിക്കുന്ന തുകയും നല്‍കിയവരുടെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ മെയ് 30-നകം അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മെയ് 30-ന് ശേഷം ഹരജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. സംഭാവന സ്വകീരിക്കുന്ന രീതി മാറ്റിയതു കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
2018 ജനുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഇന്ത്യന്‍ പൗരന്മാര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അംഗീകൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നല്‍കാം. അവര്‍ക്കത് 15 ദിവസത്തിനകം പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരം ബാങ്കിനുമാത്രമേ അറിയാന്‍ സാധിക്കൂ. ഇതില്‍ സുതാര്യതക്കുറവുണ്ടെന്നുകാട്ടി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൊണ്ടുവന്നത് നയപരമായ തീരുമാനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ബാങ്ക് വഴിയാണ് ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നത് എന്നത് കൊണ്ട് കള്ളപ്പണം തടയാനാകുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ ബോണ്ട് പദ്ധതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയോ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കുകയോ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ രണ്ടു കൂട്ടരുടേയും വാദങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ബോണ്ട് വിഷയത്തില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പു കമ്മിഷനും ഭിന്നാഭിപ്രായമാണുള്ളത്. സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കിവെക്കണമെന്ന കേന്ദ്രനിലപാടിനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ എതിര്‍ത്തു. ബോണ്ടുകള്‍ കൊണ്ടുവരുന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ സുതാര്യമാക്കാനാണെന്ന് കേന്ദ്രവാദം. രാഷ്ട്രീയരംഗത്തേക്ക് കള്ളപ്പണം കൊണ്ടുവരുന്നത് തടയാന്‍ ബോണ്ടുകള്‍ക്കു കഴിയും. അംഗീകൃത ബാങ്കായ എസ്.ബി.ഐ.യില്‍ നിന്നുമാത്രമേ ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കൂവെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബോണ്ട് പദ്ധതി സംഭാവന നല്‍കുന്നതിലെ സുതാര്യത ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വാദിച്ചു. വ്യാജ കമ്പനികള്‍ വഴി പാര്‍ട്ടികളിലേക്ക് കള്ളപ്പണമെത്താന്‍ സാധ്യതയുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പേരുകള്‍ വെളിപ്പെടുത്താത്തതുവഴി ഫണ്ട് നല്‍കുന്ന വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ആശങ്കപ്പെടുന്നു. സംഭാവന നല്‍കുന്നയാളിന്റെ പേര് രഹസ്യമാക്കിവെക്കുന്നത് അവര്‍ രാഷ്ട്രീയവിരോധത്തിന്റെ ഇരകളാവാതിരിക്കാനാണെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.
കമ്പനികളുടെ കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷത്തെ ശരാശരി ലാഭത്തിന്റെ 7.5 ശതമാനം വരെ മാത്രമേ സംഭാവന നല്‍കാവൂ എന്ന നിബന്ധന ഭേദഗതി ചെയ്തിരുന്നു. ഇതോടെ പുതിയ സ്ഥാപനങ്ങള്‍ക്കുപോലും ബോണ്ട് വഴി സംഭാവന നല്‍കാനാകുമെന്നും വ്യാജകമ്പനികള്‍ സ്ഥാപിച്ച് സംഭാവനകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്പനികളുടെ ലാഭനഷ്ടക്കണക്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ പ്രത്യേകം കാണിക്കേണ്ടതില്ലെന്ന നിയമഭേദഗതിയും കമ്മീഷന്‍ ചോദ്യം ചെയ്യുന്നു.