ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് നിവേദനം. കര,നാവിക,വ്യോമ സേന മുന്‍ മേധാവികളടക്കം 150 മുതിര്‍ന്ന പൗരന്മാര്‍ ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്നത്. കരസേനാ മുന്‍ മേധാവികളായ സുനീത് ഫ്രാന്‍സിസ് റോഡ്രിഗസ്, ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍, നാവിക സേനാ മോധവിമാരായിരുന്ന ലക്ഷ്മിനാരായണ്‍ രാംദാസ്, വിഷ്ണു ഭാഗ്‌വത്, അരുണ്‍ പ്രകാശ്, സുരേഷ് മേത്ത, മുന്‍ വ്യോമസേനാ മേധാവി എന്‍.സി സൂരി എന്നിവര്‍ നിവേദനത്തില്‍ ഒപ്പുവെച്ച പ്രമുഖരാണ്.
മുതിര്‍ന്ന പൗരന്‍മാരുടെ സംഘം നമ്മുടെ സര്‍വസൈന്യാധിപനെ അറിയിക്കുന്നത് എന്ന തലക്കെട്ടിലാണ് നിവേദനം തയാറാക്കിയിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോഡി സേന എന്നു വിശേഷിപ്പിച്ചതിനെ നിവേദനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധ ചില കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടികളാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. സൈനിക ഓപറേഷനുകളുടെ വിജയത്തില്‍ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോഡിയുടെ സേന എന്നുവരെ വിളിക്കുകയും ചെയ്യുന്നു. കൂടാതെ സൈനിക യുണിഫോമുകളും ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഫോട്ടോകളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു- നിവേദനത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടും ഇക്കാര്യത്തില്‍ അവസാനമുണ്ടാകുന്നില്ല. പല തരത്തില്‍ ഇവ ആവര്‍ത്തിക്കുകയാണ്. സൈന്യത്തെയോ സൈനിക യൂണിഫോമിനേയോ പ്രതീകങ്ങളേയോ സൈനികരുടെ ചിത്രങ്ങളേയോ രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിനോ ഉപയോഗിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അടിയന്തരമായി ആവശ്യപ്പെടണം - നിവേദനത്തില്‍ പറയുന്നു.