ന്യൂയോര്‍ക്ക്- നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെ യുഎസില്‍ പൗരത്വത്തിന് ശ്രമം നടത്തി പിടിയിലായ ഇന്ത്യന്‍ വയോധികന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 67കാരനായ പാല്‍ സിങ് ആണ് പ്രതി. 1992-ലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വ്യാജ വിസയുമായി സുരീന്ദര്‍ സിങ്, ഹര്‍പാല്‍ സിങ് എന്നീ പേരുകളിലും അറിയപ്പെടുന്ന പാല്‍ സിങ് യുഎസിലെത്തിയത്. സ്വാഭാവികപരത്വ സംവിധാനത്തെ കബളിപ്പിച്ചതിനാണ് പാല്‍ സിങിനെ കോടതി കുറ്റക്കാരനായി വിധിച്ചത്. കേസില്‍ ഓഗസ്റ്റിലാണ് ശിക്ഷ വിധിക്കുക. 1992ല്‍ ലോസാഞ്ചലസില്‍ വന്നിറങ്ങിയ പാല്‍ സിങ് ടൂറിസ്റ്റ് വീസയ്ക്കാണ് അപേക്ഷിച്ചിരുന്നത്. പാസ്‌പോര്‍ട്ടിലെ എന്‍ട്രി വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പ്രവേശനം നിഷേധിച്ച് അധികൃതര്‍ പിടികൂടി. പിന്നീട് നാടുകടത്തല്‍ നടപടികളാരംഭിക്കുകയായിരുന്നു.
ഇതിനിടെ സിങ് തന്റെ യഥാര്‍ത്ഥ പേര് ഉപയോഗിച്ച് അഭയാര്‍ത്ഥി അപേക്ഷ നല്‍കി. ഈ അപേക്ഷ പരിഗണനയിലിരിക്കുന്നതിനിടെ വ്യവസ്ഥകളോടെ സിങിന് ജാമ്യം ലഭിച്ചു. പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ 1993ല്‍ അഭയാര്‍ത്ഥി അപേക്ഷ കോടതി തള്ളുകയും നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം കീഴടങ്ങാതെ മുങ്ങി. 1995ല്‍ ഹര്‍പാല്‍ സിങ് എന്ന പേരില്‍ വീണ്ടും വ്യാജ രേഖയുണ്ടാക്കി അഭയാര്‍ത്ഥി അപേക്ഷ നല്‍കി. എന്നാല്‍ ഈ അപേക്ഷയും കോടതി തള്ളി നാടുകടത്താന്‍ ഉത്തരവിട്ടെങ്കിലും സിങ് കീഴടങ്ങിയില്ല. പിന്നീട് സുരീന്ദര്‍ സിങ് എന്ന പേരില്‍ വീണ്ടും അഭയാര്‍ത്ഥി അപേക്ഷ നല്‍കി. നേരത്തെ അപേക്ഷ തള്ളിയ വിവരം ഇദ്ദേഹം മറച്ചു വയ്ക്കുകയും ഇന്ത്യയില്‍ മര്‍ദനങ്ങള്‍ക്കിരയായതായി വാദിക്കുകയും ചെയ്തു. 1996ല്‍ യുഎസ് അധികൃതര്‍ അദ്ദേഹത്തിന് അഭയാര്‍ത്ഥി പദവി അനുവദിച്ചു. പിന്നീട് ദീര്‍ഘകാലം യുഎസില്‍ കഴിയുന്നവര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കുന്ന സംവിധാനം വഴി 2015ല്‍ സുരീന്ദര്‍ സിങ് എന്ന പേരില്‍ പൗരത്വത്തിന് അപേക്ഷ നല്‍കി. ഈ അപേക്ഷയില്‍ നടത്തിയ അന്വേഷണമാണ് ഇദ്ദേഹത്തിന്റെ തട്ടിപ്പുകള്‍ വെളിച്ചത്തു കൊണ്ടു വന്നത്.