Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് നാണക്കേട്; അല്‍പേഷ് ഠാക്കൂര്‍ പര്‍ട്ടി വിട്ടു

ഗാന്ധിനഗര്‍- ഗുജറാത്തിലെ ഒബിസി നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് ഠാക്കൂര്‍ പാര്‍ട്ടി വിട്ടു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പാര്‍ട്ടി വിട്ടത്. സീറ്റു വീതംവയ്പ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വവമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങളായി അല്‍പേഷ് പാര്‍ട്ടി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. ഗുജറാത്തിലെ പാര്‍ട്ടി നേതൃത്വം അല്‍പേഷിന് ആവശ്യപ്പെട്ട സീറ്റ് നല്‍കാന്‍ തയാറിയിരുന്നില്ല. ബിജെപിയിലേക്ക് കൂടുമാറാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപോര്‍ട്ടുണ്ടെങ്കിലും അല്‍പേഷ് ഇതു തള്ളി. ബിജെപിയില്‍ ചേരില്ലെന്നും താനും കൂടെയുള്ള രണ്ട് എംഎല്‍എമാരും നിയമസഭയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍ ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുന്‍ എംപി ജഗദീഷ് ഠാക്കൂറിനേയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. 

തുടര്‍ന്ന് അല്‍പേഷിന്റെ സംഘടനയായ ഗുജറാത്ത് ക്ഷത്രിയ ഠാക്കൂര്‍ സേന കോണ്‍ഗ്രസ് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയായിരുന്നു. ഈ സംഘടന കോണ്‍ഗ്രസുമായി ബന്ധം അവസാനിപ്പിക്കുകയും പാര്‍ട്ടി വിടാന്‍ അല്‍പേഷിന് അന്ത്യശാസനം നല്‍കുകയുമായിരുന്നു. സബര്‍കന്ത സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തങ്ങളെ കോണ്‍ഗ്രസ് തള്ളിയതില്‍ ഈ സംഘടനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അല്‍പേഷ് ഈയിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. പാര്‍ട്ടി 
തന്റെ സമുദായത്തെ വഞ്ചിച്ചുവെന്നും തഴയപ്പെട്ടുവെന്നുമുള്ള വികാരം അണികള്‍ക്കുണ്ടെന്ന് അദ്ദേഹം രാഹുലിനെ ബോധിപ്പിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
 

Latest News