ന്യൂദല്‍ഹി-കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ 24 മാസമായി താന്‍ ജയിലില്‍ ആണെന്നാണ് ലാലു വാദിച്ചത്. എന്നാല്‍, ജീവപര്യന്തം ശിക്ഷയില്‍ 24 മാസമൊന്നും കണക്കാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ലാലുവിന് ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. എന്നാല്‍, രാഷ്ട്രീയ ഇടപെടലുകളിലൂടെ ലാലു ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുമെന്ന് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.
ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ എട്ടുമാസങ്ങളായി ചികിത്സയ്ക്കെന്ന പേരില്‍ ആശുപത്രിയില്‍ വി.ഐ.പി സൗകര്യങ്ങളോടെ കഴിയുകയാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.