ഹൈദരാബാദ്- തെരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും മദ്യം നല്‍കുന്നത് പുതിയ സംഭവമല്ല. ഒരു കാലത്ത് രഹസ്യമായി നടന്നിരുന്ന ഈ പരിപാടി ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ലേബലില്‍ ആയിരിക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ചിത്രവും തെരഞ്ഞെടുപ്പു ചിഹ്നവും പതിച്ച കുപ്പികളിലാണ് വോട്ടര്‍മാര്‍ക്ക് മദ്യം നല്‍കുന്നത്. പൊതുയോഗങ്ങള്‍ക്കും റാലികള്ക്കുമെത്തിയ വോട്ടര്‍മാരുടെ കൈകളിലാണ് പാര്‍ട്ടി ലേബലൊട്ടിച്ച മദ്യകുപ്പികള്‍ കണ്ടത്. ആന്ധ്രയില്‍ തെലുഗു ദേശം പാര്‍ട്ടി (ടി.ഡി.പി), വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സ്റ്റിക്കറൊട്ടിച്ച മദ്യകുപ്പികളാണ് പലയിടത്തും വിതരണം ചെയ്തത്.
മൂന്നാഴ്ച മുമ്പ് വാങ്ങി പാര്‍ട്ടി ഗോഡൗണുകളില്‍ ശേഖരിച്ച മദ്യക്കുപ്പികളാണിതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏതു പ്രദേശത്താണോ റോഡ് ഷോ അല്ലെങ്കില്‍ റാലി നടക്കുന്നത്, അവിടുത്തെ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച് ഇവ പാര്‍ട്ടി അണികള്‍ക്കും യോഗത്തിന് വന്നവര്‍ക്കും വിതരണം ചയ്യുകയാണ് രീതി. ഒന്നിലേറെ യോഗങ്ങള്ക്കെത്തുന്നവര്ക്ക് ഒന്നിലേറെ കുപ്പികലും ലഭിക്കുന്നുവെന്ന് ഒരു പാര്‍ട്ടിയുടെ മണ്ഡലം തെരഞ്ഞെടുപ്പു ഭാരവാഹി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
സ്ഥാനാര്‍ത്ഥികള്‍ മദ്യത്തിന് വേണ്ടി ചെലവിടുന്ന തുക കുത്തനെ ഉയര്‍ന്നിരിക്കുകയാണെന്ന് വിവിധ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വില കുറഞ്ഞ ബിയര്‍ കുപ്പി മുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വരെ വോട്ടര്‍മാരുടെ ഇഷ്ടങ്ങള്ക്കനുസിരിച്ച് വിതരണം ചെയ്യുന്നുണ്ട്. ഇതിനായി വന്‍തുക ചെലവിടുമ്പോള്‍ എന്തുകൊണ്ട് ഈ കുപ്പികളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും ഒട്ടിച്ചുകൂടാ എന്നാണ് ഇവരുടെ ചോദ്യം.
തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനു ശേഷം മാത്രം തെലങ്കാനയില്‍ 4.30 കോടി രൂപയുടേയും ആന്ധ്രയില്‍ ഒമ്പതു കോടി രൂപയുടേയും മദ്യമാണ് അധികൃതര്‍ പിടികൂടിയത്.