ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിത കഥ പറയുന്ന സിനിമക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. സിനിമ നാളെ പ്രദർശനത്തിന് എത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. വിവേക് ഒബ്‌റോയി പ്രധാനമന്ത്രി നരേന്ദ്രമോഡിയായി അഭിനയിക്കുന്ന ചിത്രത്തിന് ഏതാനും മണിക്കൂർ മുമ്പാണ് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചത്. സെൻസർ ബോർഡ് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ സിനിമാ റിലീസ് തിയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. പി.എം നരേന്ദ്രമോഡി എന്ന സിനിമ ഒമുംഗ് കുമാറാണ് സംവിധാനം ചെയ്തത്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് രംഗത്ത് മേൽക്കൈ ഉണ്ടാക്കാനാണ് ചിത്രം പുറത്തിറക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.