മലപ്പുറം- പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീൻ വരുന്നതോടെ ഒരാൾക്കു വോട്ട് ചെയ്യാൻ വേണ്ടിവരുന്നത് 12 സെക്കൻഡ് സമയം. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുമ്പോൾ ഒരാളുടെ വോട്ടിംഗ് പ്രക്രിയ പൂർത്തിയാകാൻ അഞ്ച് സെക്കന്റാണ് വേണ്ടത്. എന്നാൽ വോട്ടിംഗ് യന്ത്രത്തിൽ തങ്ങൾ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകർക്ക് ഉറപ്പുവരുത്തുന്നതിനുള്ള വി.വി പാറ്റ് യന്ത്രത്തിൽ ഏഴ് സെക്കന്റാണ് വോട്ട് വിവരം തെളിഞ്ഞു നിൽക്കുക. ഇതോടെ ഒരാൾക്കു വേണ്ടി വരുന്ന സമയം നേരത്തെയുള്ള അഞ്ച് സെക്കന്റിൽ നിന്നു 12 സെക്കന്റായി ഉയരും.
അതേസമയം വോട്ട് തെറ്റായാണ് വി.വി. പാറ്റിൽ (വോട്ടർ വെരിഫിയബിൾ പേപ്പർ ഓഡിറ്റ്) രേഖപ്പെടുത്തിയതെന്നു സംശയമുണ്ടെങ്കിൽ പിശകുണ്ടെന്നു പരാതിപ്പെടാൻ വോട്ടർക്കു അവകാശമുണ്ട്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറോടാണ് പരാതിപ്പെടേണ്ടത്. ഇതു പരിശോധിക്കാൻ ടെസ്റ്റ് വോട്ടിനു വീണ്ടും വോട്ടർക്കു അവസരം നൽകും.
പ്രിസൈഡിംഗ് ഓഫീസറുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സമ്മതിദായകൻ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തേണ്ടത്. പരിശോധനയിൽ ആരോപണം ശരിയാണെങ്കിൽ വോട്ടിംഗ് നിർത്തിവയ്ക്കുകയും റിട്ടേണിംഗ് ഓഫീസറുടെ നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാൽ ആരോപണം തെറ്റാണെങ്കിൽ ഐപിസി 177 പ്രകാരം കേസെടുക്കും. ആറു മാസം തടവോ 1000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ വിധിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. ശിക്ഷയെക്കുറിച്ച് ബോധ്യമുണ്ടെന്നും ആരോപണം തെറ്റാണെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും ഡിക്ലറേഷൻ എഴുതി നൽകിയാലേ ടെസ്റ്റ് വോട്ടിനു അവസരം ലഭിക്കൂ. വി.വി പാറ്റിൽ വിവരങ്ങൾ തെളിയുന്ന കടലാസ് ദീർഘകാലം കേടാകാതെ സൂക്ഷിക്കാം. സീരിയൽ നമ്പർ, സ്ഥാനാർഥിയുടെ പേര്, ചിഹ്നം എന്നീ മൂന്നു വിവരങ്ങളാണ് വി.വി പാറ്റിലെ കടലാസിൽ പ്രിന്റ് ചെയ്ത് സ്‌ക്രീനിൽ തെളിയുക. തുടർന്നു ഏഴു സെക്കന്റിനു ശേഷം ഇവ സ്റ്റോറേജ് ഭാഗത്തേക്ക് വീഴും. 2000 പ്രിന്റുകൾ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് വി.വി പാറ്റിലുള്ളത്. ഈ ഭാഗം സീൽ ചെയ്താണ് സൂക്ഷിച്ചിട്ടുണ്ടാവുക. നിശ്ചിത സമയം വരെ വി.വി പാറ്റിലെ പ്രിന്റുകൾ പ്രത്യേക രീതിയിൽ സൂക്ഷിക്കും. 1400 വരെ വോട്ടർമാരാണ് ഓരോ ബൂത്തിലുമുണ്ടാവുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും നറുക്കിട്ടെടുക്കുന്ന നിശ്ചിത ബൂത്തുകളിലെ വി.വി പാറ്റിലെ പ്രിന്റുകൾ ബാലറ്റ് സ്വഭാവത്തിൽ എണ്ണും. വിശ്വാസ്യതക്ക് വേണ്ടിയാണിത്. 160 മീറ്റർ നീളമുള്ള പേപ്പർ റോളുകളാണ് വി.വി പാറ്റിൽ ഉപയോഗിക്കുന്നത്. ഇതിൽ 150 മീറ്ററാണ് ആവശ്യമായി വരിക.