ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയിലെ ഭീമാബദ്ധം നാണക്കേടായി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുമെന്ന പ്രയോഗത്തിനു പകരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു എന്നാണ് സങ്കല്‍പ പത്ര എന്ന പേരില്‍ പ്രധാനമനന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്ത പ്രകടന പത്രികയില്‍ പറയുന്നത്. ഈ അബദ്ധം സമൂഹ മാധ്യമങ്ങലില്‍ വ്യാപക പരിഹാസത്തിന് ഇടയാക്കി. പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയെ പരിഹസിച്ചു. 'സങ്കല്‍പ പത്ര'യില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ചു വിശദീകരിക്കുന്ന 32-ാം പേജിലാണ് അബദ്ധം പിണഞ്ഞ വരിയുള്ളത്. ഈ തലക്കെട്ടിനു കീഴില്‍ 11-ാമതായി നല്‍കിയിരിക്കുന്ന പോയിന്റിലാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്നത്.
'ആഭ്യന്തര വകുപ്പില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗം രൂപീകരിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്'- പ്രകടന പത്രികയില്‍ പറയുന്നു. ഇതെ അധ്യായത്തില്‍ തന്നെ മറ്റൊരു അക്ഷരത്തെറ്റു കൂടി കടന്നുകൂടിയത് ബിജെപിക്ക് വലിയ നാണക്കേടായി. ബലാല്‍സംഗ കേസുകളില്‍ സമയബന്ധിതമായി വിചാരണ ഉറപ്പാക്കുമെന്നു പറയുന്നിടത്ത് വിചാരണ എന്നര്‍ത്ഥം വരുന്ന Trial എന്നതിനു പകരം Trail എന്നു തെറ്റായ വാക്കാണ് നല്‍കിയിരിക്കുന്നത്.
അബദ്ധങ്ങളടങ്ങിയ പ്രകടന പത്രികയുടെ സോഫ്റ്റ് കോപി വ്യാപകമായി പ്രചരിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന സോഫ്റ്റ് കോപിയില്‍ ഈ അബദ്ധങ്ങള്‍ തിരുത്തിയിട്ടുണ്ട്.