ശ്രീനഗര്‍- പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതി പൂണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല ആരോപിച്ചു.
ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെടുകയും ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയേയും പാക്കിസ്ഥാനേയും യുദ്ധത്തിന്റെ വക്കിലെത്തിച്ച സംഭവത്തില്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കടന്ന് ഇന്ത്യന്‍ വ്യോമ സേന ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ നേതാക്കളില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര സര്‍ക്കാരിനേയും നേരിട്ട് കുറ്റപ്പെടുത്തി ഫാറൂഖ് അബ്ദുല്ല രംഗത്തുവരുന്നത്.
മോഡി സാഹബിന് ഇലക് ഷനില്‍ ജയിക്കാനാണ് പുല്‍വാമ ആക്രമണം സംഘടിപ്പിച്ചതെന്ന് ശ്രീനഗര്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന ഫാറൂഖ് അബ്ദുല്ല പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഘാതകരാണ് ദല്‍ഹിയില്‍ അധികാരത്തിലുള്ളത്. ആഭ്യന്തര മന്ത്രിയായിരുന്ന വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്.എസ്.എസെന്നും അദ്ദേഹം പറഞ്ഞു.