ന്യൂദല്‍ഹി- ആന്ധ്രപ്രദേശിലെ അനധികൃത മണല്‍ ഖനനത്തിന്റെ പേരില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് 100 കോടി രൂപയുടെ പിഴ വിധിച്ചു. ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. നദികളില്‍നിന്നുള്ള നിയന്ത്രണമില്ലാത്ത എല്ല മണല്‍ ഖനനവും നിരോധിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
പ്രകൃതി വിഭവങ്ങളുടെ സമ്പൂര്‍ണ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജനക്ഷേമത്തിന്റെ പേരില്‍ സൗജന്യ മണല്‍ നല്‍കിയാലും ന്യായീകരിക്കാന്‍ കഴിയില്ല. നിയന്ത്രണമില്ലാതെ തുടരുന്ന മണല്‍ ഖനനം പരിസ്ഥിതിക്ക് വന്‍ ആഘാതമാണ് ഉണ്ടാക്കുന്നത്. ഖനനം ആഘാതമുണ്ടാക്കിയാല്‍ അതിന്റെ നഷ്ടം നിയമലംഘകരില്‍നിന്നാണ് ഈടാക്കേണ്ടത്. പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ദൗത്യനിര്‍വഹണത്തില്‍നിന്ന് അധികൃതര്‍ക്ക് ഒളിച്ചോടാന്‍ കഴിയില്ല. ഭാവി തലമുറക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിക്കേണ്ടതും ആഘാതങ്ങള്‍ പരിഹരിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്- ട്രൈബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞു.
100 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പരിസ്ഥതി നഷ്ടപരിഹാരമായി കേന്ദ്ര മലിനീകരണ വിരുദ്ധ ബോര്‍ഡില്‍ ഒരു മാസത്തിനകം നിക്ഷേപിക്കണം. മണല്‍ ഖനനമുണ്ടാക്കിയ പരിസ്ഥിതി ആഘാതം പഠിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി മന്ത്രാലയം, വനം, കാലസ്ഥാ വ്യതിയാന ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈന്‍സ്, ഐ.ഐ.ടി റൂര്‍ഖീ, മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണമോകിസ്‌ക് എന്നിവയെ ഉള്‍പ്പെടത്തി കമ്മിറ്റി രൂപീകരിച്ചു. മൂന്ന് മാസത്തിനകം വിശദ റിപ്പോര്‍ട്ട് തയാറാക്കി ഹരിത ട്രൈബ്യൂണലിനു സമര്‍പ്പിക്കണം. സംസ്ഥാനത്ത് മണല്‍ ഖനനത്തിനു നല്‍കിയ ലൈസന്‍സുകളുടെ എണ്ണം, നീക്കം ചെയ്ത മണലിന്റെ കണക്ക് എന്നിവ സംസ്ഥാന ചീഫ് സെക്രട്ടറി നല്‍കണമെന്നും ട്രെബ്യൂണല്‍ ഉത്തരവിട്ടു. ആന്ധ്രപ്രദേശ് സ്വദേശി അനുമോള്‍ ഗാന്ധി സമര്‍പ്പിച്ച ഹരജിയിലിണ് ട്രൈബ്യൂണലിന്റെ നിര്‍േദശങ്ങള്‍. അനധികൃത മണല്‍ ഖനനം കൃഷ്ണ, ഗോദാവരി നദികളേയും കൈവഴികളേയും നശിപ്പിച്ചുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.