റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് സൗദി പോസ്റ്റിന്റെ ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കുന്നു. ഈ മാസാവസാനത്തിനു മുമ്പായി സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ തൊഴിലുടമകൾക്ക് സർക്കുലർ അയച്ചു.
കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പോർട്ടലുമായി ജീവനക്കാരെയും ആശ്രിതരെയും ബന്ധിപ്പിക്കുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കുന്നതിന് ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
സ്വകാര്യ മേഖലാ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവക്കാരെയും ആശ്രിതരെയും ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി പോളിസി ഉടമകളുടെ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യം കൗൺസിലിന്റെ ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ പോളികൾക്കും പോളിസി പുതുക്കുന്നതിനും കമ്പനികൾ ദേശീയ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്യണം. കാലാവധിയുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ഉടമകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ദേശീയ അഡ്രസ് രേഖപ്പെടുത്തി പുതുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഓൺലൈൻ വഴി ദേശീയ അഡ്രസ് സേവനത്തിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സാധിക്കും.