മുംബൈ- നിരക്ക് വര്‍ധനയും വിമാനങ്ങള്‍ ലഭ്യമല്ലാത്തതും ഇക്കുറി ആയിരക്കണക്കിനു കുടുംബങ്ങളുടെ അവധിക്കാല യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കി. നിരക്ക് വര്‍ധനക്കു പുറമെ, അവസാന നിമിഷം വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതുമാണ് പുതിയ വെല്ലുവിളി.
ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി തുടരുന്നതിനു പുറമെ, ആഭ്യന്തര വിമാന കമ്പനികള്‍ 737 മാക്‌സ്-എട്ട് വിമാനങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായതും മുംബൈ എയര്‍പോര്‍ട്ടിലെ അറ്റകുറ്റപ്പണിയും ഒരുപോലെ ഇന്ത്യന്‍ വ്യോമഗതാഗത വ്യവസായത്തെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 16 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ഇന്ത്യയില്‍ യാത്രക്കാരുടെ പ്രതിമാസ വര്‍ധന 20 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ ഇത് 7.42 ശതമാനമായി കുറഞ്ഞു. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ഒക്ടോബറില്‍ 11.85 ദശലക്ഷത്തില്‍നിന്ന് 11.35 ദശലക്ഷമായി കുറഞ്ഞു.
ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി തുടരുന്നതിനാല്‍ യാത്രക്കാരില്‍ ഇനിയും രണ്ട് ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ഇലക്്ഷന്‍ കാലമായതിനാല്‍ യാത്രക്കാരുടെ എണ്ണം അല്‍പം കൂടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കുറയാനാണ് സാധ്യതയെന്നും വ്യോമയാന രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
കടബാധ്യതയില്‍നിന്ന് കരകയറാന്‍ ശ്രമങ്ങള്‍ തുടരുന്ന ജെറ്റ് എയര്‍വേസ് പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കും. മുംബൈ ആസ്ഥാനമായ കമ്പനിക്ക് 119 വിമാനങ്ങളുണ്ടെങ്കിലും 26 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്.
സ്‌പൈസ് ജെറ്റ് തങ്ങളുടെ 75 വിമാനങ്ങളില്‍നിന്ന് 737 മാക്‌സ് -എട്ട് വിഭാഗത്തില്‍പെടുന്ന 13 വിമാനങ്ങള്‍ കഴിഞ്ഞ മാസം മുതല്‍ റദ്ദാക്കിയിരിക്കയാണ്. ലയണ്‍ എയര്‍, എത്യോപ്യന്‍ എയര്‍ വിമാന ദുരന്തങ്ങള്‍ക്കുശേഷം ബോയിങ് മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.