ന്യൂദല്‍ഹി: സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്‌ക് കടാരിയ തന്റെ വിജയത്തിന് കൂട്ട് നിന്നവര്‍ക്ക് ട്വിറ്ററിലൂടെ എഴുതിയ നന്ദി വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാര വിഷയം. ഒന്നാം റാങ്ക് ലഭിച്ചതിലെ സന്തോഷത്തിനൊപ്പം നന്ദി അറിയിച്ചവരുടെ കൂട്ടത്തില്‍ തന്റെ കാമുകിയുടെ പേരും കടാരിയ ഉള്‍പ്പെടുത്തിയതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. 'ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ഉദ്ദേശവും', കടാരിയ കുറിച്ചു.ഇതാദ്യമായാണ് ഒരു സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ ഇത്തരത്തില്‍ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്ന തരത്തിലാണ് കടാരിയയുടെ ട്വീറ്റ് ആഘോഷിക്കപ്പെടുന്നത്. ഐ.ഐ.ടി. ബോംബെയില്‍നിന്നുള്ള ബിരുദധാരിയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമാണ് കനിഷ്‌ക് കടാരിയ.