കോട്ടയം- കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന നാല് ദശാബ്ദം തെന്നിന്ത്യന്‍ സിനിമയുടെ കുടുംബവിളക്കായിരുന്നു ശ്രീവിദ്യ. എണ്ണമറ്റ ആരാധകരുടെ സ്വപ്നത്തിലെ കാമുകിയായിരുന്ന ശ്രീവിദ്യ മരണക്കിടക്കയില്‍ അവസാനമായി കാണാന്‍ ആഗ്രഹിച്ചത് കമല്‍ ഹാസനെയായിരുന്നു. തെന്നിന്ത്യ നിറഞ്ഞുനിന്ന മലയാളക്കരയുടെ സൗന്ദര്യറാണി നടന്‍ കമലഹാസനുമായി പ്രണയത്തിലായിരുന്നുവെന്ന കഥകള്‍ സിനിമാ ലോകത്താകെ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, ശ്രീവിദ്യയുടെ മനസിലെ പ്രണയപുരുഷന്‍ കമല്‍ഹാസന്‍ അല്ലെന്നു വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍.
ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നുവെന്നാണ് ജോണ്‍ പോള്‍ പറയുന്നത്.
ഒരിക്കലും ഒരു ദാമ്പത്യ സാഫല്യമുണ്ടാകില്ലയെന്ന പൂര്‍ണ തിരിച്ചറിവോടെയായിരുന്നു ആ ബന്ധമെന്നും പോള്‍ പറയുന്നു. ഒരു തരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും. പോള്‍ പറഞ്ഞു.
ഭരതന്റെ ജീവിത പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങള്‍ക്ക് അമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊര്‍ജത്തിന്റെ സ്രോതസ്സെന്നും ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടു തന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നതെന്നും ജോണ്‍പോള്‍ പറഞ്ഞു.
2006 ഒക്ടോബര്‍ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ശ്രീവിദ്യ നാല് തവണ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.