ന്യൂദല്‍ഹി- വ്യത്യസ്ത രാഷ്ട്രീയ നിലപാടു പുലര്‍ത്തുന്നവരെ ബി.ജെ.പി ഒരിക്കലും ശത്രുക്കളായോ ദേശവിരുദ്ധരായോ കണ്ടിരുന്നില്ലെന്ന് മുതര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ. അദ്വാനി. ബി.ജെ.പി സ്ഥാപക ദിനത്തിനു മുന്നോടിയായി എഴുതിയ ബ്ലോഗ് പോസ്റ്റിലാണ് നിലവിലെ പാര്‍ട്ടി നേതൃത്വത്തിന് അദ്വാനിയുടെ പരോക്ഷ വിമര്‍ശനം. ഭിന്നാഭിപ്രായക്കാരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് വിമര്‍ശിക്കുകയാണ് നിലവിലെ നേതാക്കളുടെ രീതി.
ആദ്യം രാഷ്ട്രം, പാര്‍ട്ടി രണ്ടാമത്, അവസാനം സ്വന്തം എന്നതായിരുന്ന തന്റെ ജീവിതത്തെ നയിച്ച ആദര്‍ശമെന്ന് അദ്വാനി കുറിച്ചു. പാര്‍ട്ടിയോട് എതിരഭിപ്രായം പുലര്‍ത്തുന്നവരെ ഒരിക്കലും ശത്രുക്കളായി കണക്കാക്കിയിരുന്നില്ല. അവരെ രാഷ്ട്രീയ എതിരാളികളായി മാത്രമാണ് കണ്ടിരുന്നത്. ദേശീയത സംബന്ധിച്ചാണെങ്കില്‍ രാഷ്ട്രീയമായി എതിര്‍ത്തിവരെ ഒരിക്കലും ദേശവിരുദ്ധരായി കണക്കാക്കിയിരുന്നില്ല. വ്യക്തിപരമായും രാഷ്ട്രീയത്തിലും ഓരോ പൗരനും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പാര്‍ട്ടി വകവെച്ചു നല്‍കിയത്- അദ്വാനി പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ മത്സരിച്ചിരുന്ന അദ്വാനിക്ക് പകരം ഇക്കുറി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥി. 1996 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൊഴിച്ച് ആറു തവണ അദ്വാനി ഗാന്ധിനഗര്‍ സീറ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനാധിപത്യ സംരക്ഷണവും ജനാധിപത്യ പാരമ്പര്യവുമാണ് പാര്‍ട്ടി തലത്തിലും ദേശീയ തലത്തിലും ബി.ജെ.പിയെ വേറിട്ടതാക്കുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അദ്വാനി ഓര്‍മിപ്പിച്ചു.
ബി.ജെ.പി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി അദ്വാനിയുടെ ബ്ലോഗ്. സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം, നീതി, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി എന്നും മുന്‍പന്തിയിലായിരുന്നു. രാഷ്ട്രീയ, തെരഞ്ഞെടുപ്പ് ഫണ്ടുകളിലെ സുതാര്യതയും തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളും ബി.ജെ.പിയുടെ മുന്‍ഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.