സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിനും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കു മേലും പുതിയ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു. യൂസര്‍മാര്‍ക്ക് ഇനി ഏതൊക്കെ ഗ്രൂപ്പില്‍ ചേരണം എന്നു തീരുമാനിക്കാവുന്ന പുതിയ ഫീച്ചറാണ് ബുധനാഴ്ച വാട്‌സാപ്പ് അവതരിപ്പിച്ചത്. ആര്‍ക്കും ആരേയും പിടിച്ച് ഏതു ഗ്രൂപ്പില്‍ വേണമെങ്കിലും ചേര്‍ക്കാന്‍ കഴിയുമായിരുന്നു. പുതിയ ഫീച്ചര്‍ വന്നതോടെ പൂര്‍ണമായും നിയന്ത്രണം യൂസറുടെ കൈകളിലെത്തി. ഒരാളെ ഗ്രൂപ്പില്‍ ചേര്‍ക്കണമെങ്കില്‍ ഇനി ഗ്രൂപ്പ് അഡ്മിന്‍ വിചാരിച്ചാല്‍ മാത്രം പോര. യുസറും സമ്മതം മൂളണം എന്നു സാരം. പുതിയ ഫീച്ചര്‍ ഇന്നു മുതല്‍ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റിനൊപ്പം വരും ആഴ്ചകളില്‍ ഇതു ലോകമൊട്ടാകെ ലഭ്യമാകും.
പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഒരു ഗ്രൂപ്പ് അഡ്മിന് ഒരാളെ ഗ്രൂപ്പില്‍ ചേര്‍ക്കണമെങ്കില്‍ ആദ്യം ആ യൂസര്‍ക്ക് പ്രൈവറ്റ് മെസേജായി അനുമതി ചോദിക്കണം. ഇത് ഒരു ഇന്‍വൈറ്റ് ലിങ്ക് ആയാണ് യൂസര്‍ക്ക് ലഭിക്കുക. ഗ്രൂപ്പില്‍ ചേരാന്‍ യുസര്‍ക്ക് സമ്മതമാണെങ്കില്‍ മൂന്ന് ദിവസത്തിനകം ഈ ലിങ്ക് വഴി ഗ്രൂപ്പില്‍ ചേരാം. മൂന്നു ദിവസത്തിനു ശേഷം ഈ ലിങ്ക് അസാധുവാകും. ഉപയോക്താക്കള്‍ക്ക് ഈ ഒപ്ഷന്‍ മൂന്നു തരത്തില്‍ സെറ്റ് ചെയ്യാം.
ഇതിനായി Settingsലെ Accountല്‍ പോയി Privacy ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Group ഒപ്ഷനില്‍ Nobody, My Contacts, Everyone എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ വരും. ഇവയിലൊന്ന് സെലക്ട് ചെയ്യാം.
Nobody എന്നാല്‍ മറ്റാക്കും നിങ്ങളെ ഒരു ഗ്രൂപ്പിലും അനുമതിയില്ലാതെ ചേര്‍ക്കാന്‍ കഴിയില്ല. ഇന്‍വൈറ്റ് ലിങ്ക് വഴി മാത്രമെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകൂ.
My Contacts- നിങ്ങളുടെ കോണ്ടാക്ടിലുള്ളവര്‍ക്കു മാത്രം നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയും
Evetyone ആര്‍ക്കു വേണമെങ്കിലും ചേര്‍ക്കാം. ഒരു നിയന്ത്രണങ്ങളുമില്ല.