ന്യുദല്‍ഹി- കടക്കെണിയില്‍ മുങ്ങിയ സ്വകാര്യ വിമാനക്കമ്പനി ജെറ്റ് എയര്‍വേയ്സിന്റെ പക്കല്‍ സര്‍വീസുകള്‍ക്കായി ഇനി ബാക്കിയുള്ളത് 15ല്‍ താഴെ വിമാനങ്ങള്‍ മാത്രം. കഴിഞ്ഞ ദിവസം 28 വിമാനങ്ങളുണ്ടായിരുന്നു. അടവ് മുടങ്ങിയതിനെ തുടര്‍ന്ന് പാട്ടത്തിനു നല്കിയ കമ്പനികള്‍ 15 വിമാനങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചെടുത്തതോടെയാണ് വിമാനങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞ് 15ല്‍ താഴെ എത്തിയത്. മതിയായ എണ്ണം വിമാനങ്ങള്‍ ഇല്ലാത്ത ജെറ്റിന്റെ രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള യോഗ്യത പുനപ്പരിശോധിക്കുമെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി പ്രദീപ് സിങ് ഖരോല അറിയിച്ചു. ചുരുങ്ങിയത് 20 വിമാനങ്ങളുള്ള കമ്പനികള്‍ക്കെ വ്യോമയാന മന്ത്രാലയം രാജ്യാന്തര സര്‍വീസിനു അനുമതി നല്‍കൂ. ഏപ്രില്‍ 25 വരെയുള്ള സമ്മര്‍ സര്വീസുകള്ക്കെ വ്യോമയാന മന്ത്രാലയം ജെറ്റ് എയര്‍വേയ്സിനു അനുമതി നല്‍കിയിട്ടുള്ളൂ. മറ്റു കമ്പനികള്‍ക്ക് ഒക്ടോബര്‍ 26 വരെ അനുവദിച്ചിട്ടുണ്ട്.
വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റിലെ പൈലറ്റുമാര്‍ക്കും ശമ്പളം മുടങ്ങിക്കിടക്കുകയാണ്. വിമാനങ്ങള്‍ പാട്ടത്തിനു നല്കിയ കമ്പനികള്‍ക്കും ബാങ്കുവായ്പകളും മാസങ്ങളായി തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്.