ന്യൂദല്‍ഹി- പാക്കിസ്ഥാന് ആസ്ഥാനമായ ഭീകര സംഘടന ജെയ്ശെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്്ഹറിനെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അമേരിക്ക. മസൂദ് അസ് ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി യു.എന്‍ രക്ഷാസമിതിയുടെ ഉപരോധ കമ്മിറ്റിയുടെ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന ചൈനയുടെ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
കമ്മിറ്റി പ്രക്രിയയിലൂടെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സഖ്യകക്ഷികളുമായി ചേര്‍ന്ന് എല്ലാ വേദികളും ഇതിനായി ഉപയോഗിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. ജെയ്ശെ സ്ഥാപകന്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ മറുപടി പറയേണ്ടതുണ്ടെന്ന് യു.എസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കുന്ന കരട് പ്രമേയം പിന്തുണക്കായി യു.കെക്കും ഫ്രാന്‍സിനും കൈമാറിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് കരട് പ്രമേയം കൊണ്ടുവരുന്നത് മോശം മാതൃകയാണെന്നും ക്രിയാത്മകമല്ലെന്നും ചൈന ചൂണ്ടിക്കാട്ടിയിരുന്നു.
രക്ഷാസമിതിയുടെ 1267 കമ്മിറ്റിയില്‍ പ്രക്രിയ സ്റ്റേ ചെയ്യപ്പെട്ടിരിക്കെ, രക്ഷാസമിതിയില്‍ കരട് പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് ചൈന ചോദ്യം ചെയ്യുന്നത്.