ന്യൂദൽഹി- ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കിയും കർഷകർക്കൊപ്പം നിലനിൽക്കുമെന്നും പ്രഖ്യാപിച്ച് കോൺഗ്രസിന്റെ പ്രകടനപത്രിക. തൊഴിലില്ലായ്മ, കർഷക ദുരിതം, സ്ത്രീ സുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും തെരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു.
ദരിദ്രർക്ക് പ്രതിവർഷം 72,000 രൂപ ന്യായ് പദ്ധതിക്ക് തന്നെയാണ് പ്രകടന പത്രിക മുൻതൂക്കം നൽകുന്നത്. 2020 മാർച്ചിനകം കേന്ദ്ര സർക്കാറിനെ മുഴുവൻ ഒഴിവുകൾ നികത്തും. ഗ്രാമ പഞ്ചായത്തുകളിലെ ഒഴിവുകളും നികത്തും. ന്യായ് പദ്ധതി പ്രാവർത്തികമാകുന്നതിലൂടെ ദരിദ്രർക്ക് പണം ലഭിക്കും. നോട്ടുനിരോധനത്തിലൂടെ മുരടിച്ചുപോയ സമ്പദ് വ്യവസ്ഥക്കും ഉണർവ്വുണ്ടാകും. വ്യവസായം തുടങ്ങുന്നതിന് ആദ്യത്തെ മൂന്നുവർഷം ഒരു തരത്തിലുള്ള അനുമതിയും ആവശ്യമില്ലെന്നും പ്രകടനപ്രതികയിലുണ്ട്. കർഷകർക്ക് വായ്പ തിരിച്ചടക്കാൻ പറ്റിയില്ലെങ്കിൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. ജി.ഡി.പിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിന് വേണ്ടി വിനിയോഗിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
വ്യാജ ഉറപ്പുകളൊന്നും പ്രകടനപത്രികയിൽ ഇല്ലെന്നും ജനങ്ങളുടെ ശബ്ദമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എൽ.ജി.ബി.ടി വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കും. സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരും. ഞങ്ങളുടെ പ്രകടന പത്രികയിൽ ഒരുതരത്തിലുള്ള കള്ളങ്ങളുമില്ലെന്നും ദിവസേന ഒട്ടേറെ കള്ളങ്ങൾ കേൾക്കേണ്ടി വരുന്ന സമൂഹത്തിലാണ് നാം ജീവിക്കേണ്ടി വരുന്നതെന്നും രാഹുൽ വ്യക്തമാക്കി.