മഥുര: ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചുടുപിടിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഒരു മാര്‍ഗ്ഗവും ഈയവസരത്തില്‍ സ്ഥാനാര്‍ഥികള്‍ ഉപേക്ഷിക്കില്ല എന്നതാണ് സത്യം. ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ് മഥുരയില്‍നിന്നുള്ള ഈ കാഴ്ച.
വ്യത്യസ്ഥമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ ആകര്‍ഷിക്കാനാണ് ഓരോ സ്ഥാനാര്‍ത്ഥിയും ശ്രമിക്കുന്നത്. മഥുര ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് നടിയും നര്‍ത്തകിയുമായ ഹേമ മാലിനി. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഹേമ മാലിനി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്.
കൈയ്യില്‍ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയാണ് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി തന്റെ പ്രചാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഗോവര്ധന് മേഖലയിലെ പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് ഹേമ മാലിനി പാടത്ത് എത്തിയത്. ഗോതമ്പ് കൊയ്തുകൊണ്ട് നിന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി സ്ഥാനാര്‍ഥിയും ഇറങ്ങി. ഒപ്പം ഗോതമ്പ് കറ്റകള്‍ കെട്ടിവെയ്ക്കാനും ഹേമ മാലിനി സഹായിച്ചു.
'മഥുരയിലെ ജനങ്ങള്‍ എന്നെ വളരെ സന്തോഷത്തോടെയാണ് എതിരേറ്റത്. കാരണം അവര്‍ക്കുവേണ്ടി ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അക്കാര്യങ്ങളില്‍ ഞാന്‍ അഭിമാനിക്കുകയാണ്. ഭാവിയിലേക്ക് വേണ്ടിയുള്ള കൂടുതല്‍ വികസനമാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം' ഹേമ മാലിനി പറഞ്ഞു. മഥുരയില്‍ താന്‍ ചെയ്തതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാരും തന്നെ ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശിലെ മഥുര ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ ഹേമ മാലിനി ഇക്കുറിയും ഈ മണ്ഡലത്തില്‍നിന്നുമാണ് ജനവിധി തേടുന്നത്.