Sorry, you need to enable JavaScript to visit this website.

ദാദ്രി അഖ്‌ലാഖ് കൊലക്കേസ് പ്രതികള്‍ ബിജെപി റാലിയില്‍ മുദ്രാവാക്യം മുഴക്കി മുന്‍നിരയില്‍- Video

ഗ്രെയ്റ്റര്‍ നോയ്ഡ- ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ 2015-ല്‍ ബീഫിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്ലിം മധ്യവയ്ക്കനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളായ വിശാല്‍ സിങ് റാണ ഞായറാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ മുന്‍നിരയില്‍ നിന്ന് മുദ്രാവാക്യം മുഴക്കുന്ന വിഡിയോ വൈറലായി. തീപ്പൊരി ഹിന്ദുത്വ നേതാവായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താര പ്രചാരകനായി  എത്തിയ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസാഡയില്‍ നടന്ന റാലിയിലാണ് റാണ പങ്കെടുത്തത്. റാണയുള്‍പ്പെടെ നാലു പ്രതികള്‍ ആദിത്യനാഥ് പ്രസംഗിക്കുമ്പോള്‍ വേദിയുടെ തൊട്ടു മുന്നിലിരുന്ന് മുദ്രാവാക്യം മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുന്നതും വിഡിയോയിലുണ്ട്. കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി കെ സിങും ഈ റാലിയില്‍ പങ്കെടുത്തിരുന്നു.

വീട്ടിലെ ഫ്രിജില്‍ ബിഫ് മാംസം സൂക്ഷിച്ചെന്നാരോപിച്ചാണ് സംഘപരിവാര്‍ ആള്‍ക്കൂട്ടം 55കാരനായ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിട്ട് കുടുംബാംഗങ്ങളുടെ മുന്നിലിട്ട് മര്‍ദിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അഖ്‌ലാഖിന്റെ മകനും സാരമായി പരിക്കേറ്റിരുന്നു.

പ്രസംഗം കേള്‍ക്കാന്‍ ഈ കേസിലെ പ്രതികള്‍ മുന്നില്‍ ഇരിക്കെ മുഖ്യമന്ത്രി ആദിത്യനാഥ് ഈ സംഭവത്തെ പരോക്ഷമായി പരമാര്‍ശിക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ വികാരങ്ങളെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു. നാം അധികാരത്തിലെത്തിയപ്പോള്‍ അനധികൃത കശാപ്പുശാലകളെല്ലാം ഒറ്റയടിക്ക് പൂട്ടിച്ചു- ആദിത്യനാത് പറഞ്ഞു. ഈ പരിപാടിയില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ മോഡിയുടെ സൈന്യം എന്ന് ആദിത്യനാഥ് വിശേഷിപ്പിച്ചതും വിവാദമായിരിക്കുകയാണ്.

ദാദ്രി കൊലക്കേസ് പ്രതി റാണയ്‌ക്കെതിരെ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് നിലവിലുള്ളത്. കേസ് ഏപ്രില്‍ 10-ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. പോലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസില്‍ 19 പ്രതികളാണ് ഉള്ളത്. ഇവരില്‍ 15 പേരോളം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. 

Latest News