Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ വര്‍ഗീയത ആയുധമാക്കി ബിജെപി; രാഹുല്‍ മത്സരിക്കുന്നത് ഹിന്ദു രോഷം ഭയന്നെന്ന് മോഡി

വര്‍ധ- വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലെങ്കിലും ബിജെപി താരപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ വര്‍ഗീയ പരാമര്‍ശമാണ് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വര്‍ധയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മോഡി നടത്തിയത്. ഹിന്ദു ന്യൂനപക്ഷ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കോണ്‍ഗ്രസ് ഹിന്ദു രോഷം ഭയക്കുന്നത് മൂലമാണെന്ന് മോഡി പറഞ്ഞു. വയനാട് മണ്ഡലത്തെ പേരെടുത്തു പറയാതെയായിരുന്നു മോഡിയുടെ ആരോപണം.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വിരുദ്ധത ആളിക്കത്തിച്ച് ധ്രൂവീകരണത്തിന് ബിജെപി കോപ്പുകൂട്ടുന്നതായാണ് പ്രതികരണങ്ങളില്‍ നിന്നുള്ള സൂചന. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി രവിശങ്കര്‍ പ്രസാദാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിന് വര്‍ഗീയ നിറംചാര്‍ത്തി ആദ്യമായി രംഗത്തു വന്നത്. വയനാട്ടിലെ വിവിധ വിഭാഗം ജനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഹിന്ദുക്കള്‍ 49 ശതമാനമെ ഉള്ളൂ, ബാക്കിയെല്ലാം ന്യൂനപക്ഷ സമുദായങ്ങളാണെന്ന് എന്ന് കഴിഞ്ഞ ദിവസം പടനയിലാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. രാഹുലിനെ പിടികൂടിയിരിക്കുന്ന ഭയം വ്യക്തമാണ്. അതുകൊണ്ടാണ് അദ്ദേഹം ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള സീറ്റ് തെരഞ്ഞെടുത്തത്- അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മുസ്ലിംകള്‍ 28 ശതമാനവും ക്രിസ്ത്യാനികള്‍ 21 ശതമാനവുമുണ്ട്. ഹിന്ദുക്കള്‍ 49 ശതമാനമാണ്. ഇവരില്‍ 20 ശതമാനം ആദിവാസി ഗോത്രങ്ങളും 29 ശതമാനം മറ്റു സമുദായങ്ങളുമാണ്. ബാക്കി വരുന്നത് ജൈന വിഭാഗവുമാണ്. രാഹുല്‍ ഒരു തെരഞ്ഞെടുപ്പു ഹിന്ദുവാണെന്ന ബിജെപിയുടെ മുന്‍ ആരോപണം പ്രസാദ് ആവര്‍ത്തിച്ചു. 

Latest News