ശ്രീഹരിക്കോട്ട- കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒയുടെ എമിസാറ്റ് ഉപഗ്രഹവും വിവിധ വിദേശ രാജ്യങ്ങളുടെ 28 മറ്റു ഉപഗ്രഹങ്ങളും വഹിച്ചുള്ള ഐ.എസ്.ആര്.ഒയുടെ പിഎസ്എല്‍വി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 9.27-ന് കുതിച്ചുയര്‍ന്നു. ഒറ്റ പ്രയാണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളിലായി ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്ന ഐഎസ്ആര്‍ഒയുടെ പ്രഥമ ദൗത്യമാണിത്. പിഎസ്എല്‍വിയുടെ 47-ാം പറക്കലാണിത്. മൂന്നാം തലമുറ പിഎസ്എല്‍വി-സി45-ാണ് 29 ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചത്.
ഡിആര്‍ഡിഓയുടെ എമിസാറ്റ് കൂടാതെ യുഎസിന്റെ 24 നാനോ ഉപഗ്രഹങ്ങളും ലിത്വാനിയയുടെ രണ്ടും സ്പെയ്ന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ ഓരോ നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി വഹിക്കുന്നത്. ആദ്യമായി നേരിട്ടു വിക്ഷേപണം കാണാന്‍ ഐഎസ്ആര്‍ഒ പൊതുജനങ്ങള്‍ക്കും സൗകര്യമൊരുക്കിയിരുന്നു.
അതിര്‍ത്തിക്കപ്പുറത്തെ ശത്രു നീക്കങ്ങളെ രഹസ്യമായി നീരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹം. ഇതുവരെ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രധാനമായും ശത്രു റഡാറുകളെ നിരീക്ഷിച്ചിരുന്നത്. ഇനി എമിസാറ്റ് ബഹിരാകാശത്തു നിന്ന് നിരീക്ഷിക്കും. ഭൂമിയില്‍ നിന്നും 749 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പിഎസ്എല്‍വി ഈ ഉപഗ്രഹത്തെ പുറന്തള്ളും. മറ്റു ഉപഗ്രഹമങ്ങളെ താഴ്ന്ന രണ്ടാമത്തെ ഭ്രമണപഥത്തിലും വിക്ഷേപിക്കും. ശേഷം വീണ്ടു താഴ്ന്ന മൂന്നാമത്തെ ഭ്രമണപഥത്തില്‍ ബാക്കിയാകുന്ന പിഎസ്എല്‍വിയുടെ നാലാം ഭാഗം നില്‍പ്പുറപ്പിക്കും.
#WATCH Sriharikota: ISRO's #PSLVC45 lifts off from Satish Dhawan Space Centre, carrying EMISAT & 28 customer satellites on board. #AndhraPradesh pic.twitter.com/iQIcl7hBIH
— ANI (@ANI) April 1, 2019