Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ മുദ്രാവാക്യം വിളി; 12 യാത്രക്കാരെ അറസ്റ്റ് ചെയ്തുവിട്ടു

മധുര- ചെന്നൈയില്‍നിന്ന് മുധരയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മുദ്രാവാക്യം മുഴുക്കിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുധരയിലിറങ്ങിയ വിമാനത്തിലാണ് സംഭവം. വിമാനം ചെന്നൈയില്‍നിന്ന് പൊങ്ങിയ ഉടന്‍ ഇവര്‍ എഴുന്നേറ്റ് മുദ്രാവാക്യം തുടങ്ങിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതരില്‍നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരെ പോകാന്‍ അനുവദിച്ചു.

മധുര എയര്‍പോര്‍ട്ടിന്റെ പേര് യു. മുതുരമലിംഗ തേവര്‍ എന്നാക്കണമെന്നാവശ്യപ്പെട്ട്  തേവര്‍ ജാതിക്കാരായ യാത്രക്കാരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തേവര്‍ സമുദായ നേതാവായിരുന്ന മുതുരമലിംഗ തേവര്‍ ഫോര്‍വേഡ് ബ്ലോക്ക് പാര്‍ലമെന്റ് അംഗമായിരുന്നു. 1963 ലാണ് അന്തരിച്ചത്.

ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് മുരുകന്‍ജി രൂപീകരിച്ച ഭാരതീയ ഫോര്‍വേഡ് ബ്ലോക്കാണ് വിമാനത്തിലെ പ്രകടനത്തിനുപിന്നിലെന്നും മുരുകന്‍ജിയും ഇവരോടൊപ്പം ഉണ്ടായിരുന്നുവെന്നും മധുര പോലീസ് പറഞ്ഞു.

മധുര എയര്‍പോര്‍ട്ടിന്റെ പേരു മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും തേവര്‍ സമുദായ സംഘടനകളും മധുരയില്‍ റെയില്‍ തടഞ്ഞിരുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യന്‍ സ്വാമി ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തു. മധുര എയര്‍പോര്‍ട്ടിന് തേവരുടെ പേരിടാന്‍ താന്‍ പരാമവധി ശ്രമിച്ചിരുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും സുബ്രഹ്്മണ്യന്‍ സ്വാമി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

 

Latest News