ന്യൂദല്‍ഹി- കടക്കെണിയിലായ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ ആയിരത്തിലേറെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നുമുതല്‍ സമരത്തിലേക്ക്. പൈലറ്റുമാര്‍ക്ക് ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന വാക്ക് പാലിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ബാങ്കുകളില്‍നിന്ന് വെള്ളിയാഴ്ചയും കമ്പനിക്ക് തുക ലഭിച്ചില്ല.
വിമാന സര്‍വീസ് സാധാരണനിലയിലാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ജെറ്റ് എയര്‍വേസ് ആവര്‍ത്തിച്ചു. മാര്‍ച്ച് 31 നകം കുടിശ്ശിക ശമ്പളം നല്‍കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജോലി ചെയ്യില്ലെന്ന് 1100 പൈലറ്റുമാര്‍ക്ക് അംഗത്വമുള്ള നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഉടമസ്ഥാവകാശം താല്‍ക്കാലികമായി ഏറ്റെടുത്ത എസ്.ബി.ഐ കണ്‍സോര്‍ഷ്യം മാര്‍ച്ച് 29 നകം ഫണ്ട് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല. ശമ്പള കുടിശ്ശിക നല്‍കുന്നതു സംബന്ധിച്ച് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പുതിയ അറിയിപ്പുകളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജോലി നിര്‍ത്തുമെന്ന നോട്ടീസ് നിലനില്‍ക്കുകയാണെന്ന് എന്‍.എ.ജി പ്രസിഡന്റ് കരണ്‍ ചോപ്ര പറഞ്ഞു. ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്കു പുറമെ, എന്‍ജിനീയര്‍മാര്‍ക്കും നാല് മാസമായി ശമ്പളം ലഭിച്ചിട്ടില്ല.