Sorry, you need to enable JavaScript to visit this website.

ഇവിടെ ഇപ്പോഴും ബാലറ്റ് പേപ്പര്‍ തന്നെ 

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് എന്ന ആരോപണം പ്രതിപക്ഷ കക്ഷികള്‍ നിരന്തരമയി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മുഖ്യമായതാണ്. 
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങണമെന്ന ആവശ്യവും വളരെ വര്‍ഷങ്ങളായി നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ഉറപ്പ് വരുത്താന്‍ വിവിപാറ്റ് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഒപ്പം ഏതെങ്കിലും മണ്ഡലത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവിപാറ്റ് സ്ലിപ്പ് എണ്ണുകയും ചെയ്യാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നത്.
എന്നാല്‍, ഇത്തവണത്തെ തിരഞ്ഞടുപ്പില്‍ രാജ്യത്തെ ഒരു മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമല്ല മറിച്ച് ബാലറ്റ് പേപ്പറാവും ഉപയോഗിക്കുക. തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടിംഗ് നടക്കുന്നത്. സാങ്കേതിക വിദ്യയിലെ പോരായ്മയാണ് ഈ പ്രശ്‌നത്തിന് കാരണം. 
1999 വരെയാണ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചത്. അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിച്ചിരുന്നത്. 1999ന് ശേഷം ഇതാദ്യമായാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്. 
നിലവില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ 63 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ മാത്രമേ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. നോട്ട അടക്കം 64 എണ്ണം ചേര്‍ക്കാന്‍ സാധിക്കും. 
എന്നാല്‍ നിസാമാബാദ് മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥികള്‍ ഏറെയാണ്. ഏകദേശം ഇരട്ടിയിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 185 സ്ഥാനാര്‍ഥികളാണ് നിസാമാബാദ് മണ്ഡലത്തില്‍ മത്സരിക്കാനുള്ളത്. ഇതേതുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു.
കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 174 കര്‍ഷകരാണ് മത്സരരംഗത്തുള്ളത്. ആദ്യം ഇരുന്നൂറോളം കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്ന് ചിലര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 185 സ്ഥാനാര്‍ഥികളാണ് നിസാമാബാദ് മണ്ഡലത്തില്‍ മത്സരിക്കാനുള്ളത്.
അതേസമയം ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കാന്‍ സാധിക്കുമോ എന്നും സംശയം നിലനില്‍ക്കുന്നുണ്ട്. കാലതാമസം ഉണ്ടായാല്‍ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയാണ് നിസാമാബാദില്‍ ടിആര്‍എസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ഏപ്രില്‍ 11നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Latest News