അഹമദാബാദ്- 2015-ലെ പട്ടേല്‍ പ്രക്ഷോഭ കാലത്തെ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചതോടെ പട്ടേല്‍ യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങി. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്ക് മത്സരിക്കാനാവില്ല. ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് ജാംനഗര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. നിലവില്‍ ബിജെപിയുടെ കൈവശമുള്ള ഈ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് ഹാര്‍ദിക്കിനെ രംഗത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാമനിര്‍ദേശം പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. വിധിക്കെതിരെ സ്റ്റേ വാങ്ങാന്‍ ഇനി അധികം സമയം ഇല്ല. തിങ്കളാഴ്ച സൂപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ദിക് വ്യക്തമാക്കി.
മത്സര രംഗത്തിറങ്ങാനുള്ള വഴിമുടക്കിയതിന് ഹാര്‍ദിക് ബിജെപിയെ പഴിച്ചു. എന്നാല്‍ കോണ്‍ഗ്രസിനു വേണ്ടി രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങുമെന്ന് ഹര്‍ദിക്ക് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കും. പാര്‍ട്ടിക്കു വേണ്ടി ഗുജറാത്തിലും രാജ്യത്ത് മറ്റിടങ്ങളിലും പ്രചാരണത്തിനിറങ്ങും. എന്റെ ഒരു ഒരു പിഴവ് ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കിയില്ല എന്നതാണ്. സര്‍ക്കാരിനോട് ഏറ്റുമുട്ടിയതിന്റെ ഫലമാണിത്- ഹാര്‍ദിക് പറഞ്ഞു.
2015-ലെ പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരത്തിനിടെ വിസ്നഗറില്‍ കാലാപം അഴിച്ചുവിട്ടെന്ന കേസിലാണ് ഹാര്‍ദിക് രണ്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്. 2018 ജൂലൈയിലാണ് ശിക്ഷി വിധിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിച്ചു. എങ്കിലും ശിക്ഷാ വിധി സ്റ്റേ ചെയ്തിരുന്നില്ല.