യമുനാനഗര്‍- കോണ്‍ഗ്രസ് പ്രഖ്യാപിച്ച പാവപ്പെട്ട കുടുംബങ്ങള്‍ക്കുല്ല സാര്‍വത്രിക മിനിമം വരുമാന പദ്ധതിയുടെ ആശയം ലഭിച്ചത് 2014-ല്‍ നരേന്ദ്ര മോഡി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തില്‍ നിന്നെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ ഇന്ത്യക്കാര്‍ക്കെല്ലാം 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലിടുമെന്ന് പ്രഖ്യാപിച്ച മോഡിയുടെ പ്രസംഗം ഞാന്‍ കേട്ടു. അതില്‍ 15 ലക്ഷം രൂപ എന്ന് അദ്ദേഹം രണ്ടു മൂന്ന് തവണ പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് നല്ല കാര്യമാണെന്ന് തോന്നി. പണം പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലെത്തണമെന്ന ആശയം ശരിയാണ്. ഈ ആശയത്തിലാണ് ഞാന്‍ പിടിച്ചത്- ഹരിയാനയിലെ യമുനാനഗറില്‍ പൊതുറാലിയില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു.
മോഡിയുടെ പ്രസംഗം കേട്ട ശേഷം ഈ ആശയം കോണ്‍ഗ്രസിന്റെ നയരൂപീകര സമിതിയുമായി ചര്‍ച്ച ചെയ്തു ഒരു പദ്ധതിക്ക് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കി. ആറു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ന്യായ് പദ്ധതി രൂപപ്പെട്ടത്. ഇതു നടപ്പിലായാല്‍ രാജ്യത്തെത പരമ ദരിദ്രരായ കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ ബാങ്ക് അക്കൗണ്ടിലെത്തും- അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി നരേന്ദ്ര മോഡിയെ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോഡി പറഞ്ഞത് ഒരു കള്ളമാണ്. എന്നാല്‍ ഞാന്‍ കള്ളം പറയില്ല. 72,000 രൂപ ദരിദ്ര കുടുംബങ്ങള്‍ക്കു നല്‍കുമെന്നാണ് എന്റെ വാഗ്ദാനം. ഈ വാഗ്ദാനം മോഡിയെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് മോഡിയെ ടിവിയില്‍ കണ്ടവര്‍ ഇതു ശ്രദ്ധിച്ചിട്ടുണ്ടാകും-രാഹുല്‍ പറഞ്ഞു.