മുംബൈ-അടിവസ്ത്രമില്ലാതെ സുതാര്യ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്താന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചതായി ബോളിവുഡ് താരം.
ഗുരുതര ആരോപണങ്ങളുമായി വിവാദ നായികയായ കങ്കണ റണാവത് രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹാലനിയ്‌ക്കെതിരെയാണ് കങ്കണയുടെ ആരോപണം.
സിറ്റ് വിത്ത് ഹിറ്റ്‌ലിസ്റ്റ് എന്ന യൂട്യൂബ് ചാറ്റ് ഷോയിലാണ് കങ്കണ കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്.
പഹലജ് സംവിധാനം ചെയ്ത 'ഐ ലവ് യു ബോസ്' എന്ന ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സുതാര്യ വസ്ത്രം അടിവസ്ത്രം കൂടാതെ ധരിക്കാന്‍ നിര്‍ബന്ധിതയായത്. കരിയറിന്റെ തുടക്ക കാലത്ത് മാര്‍ഗദര്‍ശിയായും സഹായിയായുമൊക്കെ ആളുകള്‍ സമീപിച്ചിട്ടുണ്ടെങ്കിലും അന്നൊക്കെ വീട്ടുതടങ്കലിലായ പോലെയായിരുന്നുവെന്നും താരം പറയുന്നു.
ആ സമയത്താണ് പഹലജിന്റെ ഓഫര്‍ ലഭിക്കുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതെന്നും താരം പറയുന്നു.
ഷോ ഗേള്‍ പോസിനായി കറുത്ത നിറത്തിലുള്ള സാറ്റിന്‍ റോബ് (നനുത്ത വസ്ത്രം) ആണ് കങ്കണയ്ക്ക് ധരിക്കാന്‍ നല്‍കിയത്.
അടിവസ്ത്രം ധരിക്കാന്‍ പാടില്ലെന്നും കാലുകള്‍ വസ്ത്രത്തിന് പുറത്തേക്ക് നീട്ടി വെയ്ക്കണമെന്നും അവര്‍ പറഞ്ഞു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വരുന്ന പെണ്‍കുട്ടിയെ സൂചിപ്പിക്കാനായാണ് കാലുകള്‍ പുറത്തേക്ക് നീട്ടാന്‍ ആവശ്യപ്പെട്ടത്.
ഈ ഫോട്ടോ ഷൂട്ട് നടത്താന്‍ താന്‍ തയാറായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി ചിത്രത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് താന്‍ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയാകുകയായിരുന്നുവെന്നും ഫോണ്‍ നമ്പര്‍ വരെ മാറ്റേണ്ട അവസ്ഥയുണ്ടായെന്നും താരം പറയുന്നു. ചിത്രത്തില്‍ മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു കങ്കണയുടേത്.