ഡെറാഡൂണ്‍- ഡെറാഡൂണിലെ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ 12 വയസ്സുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം സ്‌കൂള്‍ അധികൃതര്‍ രഹസ്യമായി സ്‌കൂള്‍ വളപ്പില്‍ കുഴിച്ചു മൂടി. ഒരു ബിസ്‌ക്കറ്റ് പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വസു യാദവ് എന്ന വിദ്യാര്‍ത്ഥിയാണ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് അധികൃതര്‍ രഹസ്യമായി മൃതദേഹം മറവു ചെയ്തത്. മാര്‍ച്ച് 10നു നടന്ന ഈ സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ പുറത്തു പോയ സമയത്ത് കൊല്ലപ്പെട്ട ബാലന്‍ ബിസ്‌ക്കറ്റ് മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. ക്ലാസ് മുറിയിലിട്ടാണ് ഇവര്‍ വാസുവിനെ ക്രൂരമായി മര്‍ദിച്ചത്. ബോധരഹിതനായി വീണ ശേഷം മണിക്കൂറകള്‍ക്ക് ശേഷമാണ് ബാലന്‍ കിടക്കുന്നത് വാര്‍ഡന്റെ ശ്രദ്ധയിപ്പെടുന്നത്. ഉച്ചയ്ക്കു ശേഷമാണ് ബാലന്‍ ക്രൂരമായി മര്‍ദനത്തിനിരയായതെങ്കിലും വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡെറാഡൂണ്‍ എസ്എസ്പി നിവേദിത കുക്രെതി പറഞ്ഞു.
മരണം സംഭവിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ ബാലന്റെ മാതാപിതാക്കളെ വിവരം അറിയിക്കാതെ മൃതദേഹം സ്‌കൂള്‍ വളപ്പില്‍ കുഴിച്ചു മൂടുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ഉഷ നേഗി പറഞ്ഞു.