ന്യൂദൽഹി- ആഗോള ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഭിനന്ദനങ്ങൾ ഡി.ആർ.ഡി.ഒ, നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു. പ്രധാനമന്ത്രി മോഡിക്ക് ലോക നാടക ദിനാശംസകൾ നേരുന്നു. ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബഹിരാകാശ രംഗത്തെ രാജ്യത്തിന്റെ നേട്ടം സ്വന്തം പേരിലാക്കി അവതരിപ്പിച്ച മോഡിയെ രാഹുൽ ഗാന്ധി ട്വീറ്റിലുടെ കണക്കിന് പരിഹസിച്ചു.
Well done DRDO, extremely proud of your work.
— Rahul Gandhi (@RahulGandhi) March 27, 2019
I would also like to wish the PM a very happy World Theatre Day.
ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു തന്നെ തകർക്കാൻ ശേഷിയുള്ള എസാറ്റ് മിസൈലിന്റെ പരീക്ഷണ വിജയമാണ് മോഡി പ്രഖ്യാപിച്ചത്. മൂന്ന് മിനിറ്റു നീണ്ട മിഷൻ ശക്തി എന്നു പേരിട്ട ഓപറേഷനിലൂടെ ലക്ഷ്യം കാണുകയും ഇന്ത്യ ലോകത്തെ നാലാമാത്തെ ബഹിരാകാശ ശക്തിയായി മാറിയതായും മോഡി പറഞ്ഞു. താഴ്ന്ന ഭ്രമണപഥത്തിലൂടെ കറങ്ങുന്ന ഒരു ഉപഗ്രഹമാണ് (ലോ ഓർബിറ്റ് സാറ്റലൈറ്റ്) ഇന്ത്യ തകർത്തതെന്ന് മോഡി അറിയിച്ചു. ഇതോടെ ബഹിരാകാശത്ത് നിർണായക ആയുധ ശേഷി കൈവരിക്കുന്നതിലും ഇന്ത്യ വിജയിച്ചുവെന്നും മോഡി അവകാശപ്പെട്ടിരുന്നു.