ന്യൂദല്‍ഹി- ആഗോള ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വലിയ നേട്ടം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത് വ്യാപക ആശങ്കയ്ക്കിടയാക്കി. ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള എ-സാറ്റ് മിസൈലിന്റെ പരീക്ഷണ വിജയമാണ് മോഡി പ്രഖ്യാപിച്ചത്. മൂന്ന് മിനിറ്റു നീണ്ട മിഷന് ശക്തി എന്നു പേരിട്ട ഓപറേഷനിലൂടെ ലക്ഷ്യം കാണുകയും ഇന്ത്യ ലോകത്തെ നാലാമാത്തെ ബഹിരാകാശ ശക്തിയായി മാറിയതായും മോഡി പറഞ്ഞു. താഴ്ന്ന ഭ്രമണപഥത്തിലൂടെ കറങ്ങുന്ന ഒരു ഉപഗ്രഹമാണ് (ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ്) ഇന്ത്യ തകര്‍ത്തതെന്ന് മോഡി അറിയിച്ചു. ഇതോടെ ബഹിരാകാശത്ത് നിര്‍ണായക ആയുധ ശേഷി കൈവരിക്കുന്നതിലും ഇന്ത്യ വിജയിച്ചു.
അതേസമയം, പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് രാജ്യത്തോട് സുപ്രധാനമായ ഒരു കാര്യം പറയാനുണ്ടെന്ന് മോഡി മുന്നറിയിപ്പ് നല്‍കിയത് വ്യാപക ആശങ്കയ്ക്കിടയാക്കി. ഇതുപോലൊരു പ്രഖ്യാപനത്തിലൂടെയാണ് രണ്ടു വര്‍ഷം മുമ്പ് നോട്ടുനിരോധനവും മോഡി പ്രഖ്യാപിച്ചത്. ഒറ്റ നിമിഷം കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ വഴിമുട്ടിക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ദുരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്ത പ്രഖ്യാപനത്തിനു സമാനമായിരുന്നു ഇന്നത്തെ മോഡിയുടെ പ്രഖ്യാപനവും.