ഭോപ്പാല്‍: ബിജെപിയുടെ 'ചൗക്കീദാര്‍' പ്രചാരണം കൊഴുപ്പിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റിന്റെ മുകളില്‍ 'ചൗക്കീദാര്‍' എന്ന് എഴുതിവച്ച മധ്യപ്രദേശിലെ പന്ധാന എംഎല്‍എയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സംഭവത്തില്‍ എംഎല്‍എ രാം ദംഗോറിന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി. നമ്പര്‍ പ്ലെയ്റ്റിനു മുകളില്‍ വലിയ അക്ഷരത്തിലാണ് ചൗക്കീദാറെന്ന് എഴുതിയിരുന്നത്. ഖാണ്ഡ്വയില്‍ ബിജെപി സ്ഥാനാര്‍ഥി എംഎല്‍എ നന്ദകുമാര്‍ സിംഗ് ചൗഹാനെ സന്ദര്‍ശിക്കാനായി വാഹനത്തില്‍ പോകുമ്പോഴാണ് രാം ദംഗോറിന്റെ വാഹനം പൊലീസ് തടഞ്ഞത്. ഖാണ്ഡ്വയില്‍ രംഗപഞ്ചമി ഉത്സവം നടക്കുന്നതിനാല്‍ വഴിയില്‍ പൊലീസിന്റെ വാഹന പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് രാം ദംഗോര് കുടുങ്ങിയത്.