Sorry, you need to enable JavaScript to visit this website.

കെമിസ്ട്രിയും കണക്കും 

ഒരു സഖ്യം പൂർണ വിജയമാണെന്ന് പറയുക അതിലുൾപ്പെട്ട കക്ഷികൾ സംഭാവന ചെയ്യുന്നതിനേക്കാൾ കൂടുതൽ വലിയ നേട്ടം സഖ്യത്തിന് ലഭിക്കുമ്പോഴാണ്. എന്നാൽ ഇലക്ഷനിൽ പലപ്പോഴും ഒന്നും ഒന്നും രണ്ടാവാറില്ല. 1996 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഒരു ഉദാഹരണമാണ്. ബി.ജെ.പിയുമായി ബന്ധം വിഛേദിച്ച ബി.എസ്.പി കോൺഗ്രസുമായി കൂട്ടുചേർന്നു. കാൻഷി റാമും നരസിംഹ റാവുവുമാണ് ഇതിന് മുൻകൈയെടുത്തത്. കോൺഗ്രസ് 115 സീറ്റിലും ബി.എസ്.പി 310 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോൾ സഖ്യത്തിന് കിട്ടിയത് വെറും 100 സീറ്റായിരുന്നു. കോൺഗ്രസിന് 33 സീറ്റ് കിട്ടി. മത്സരിച്ചതിന്റെ ഏതാണ്ട് മൂന്നിലൊന്ന്. എന്നാൽ ബി.എസ്.പിക്ക് കിട്ടിയത് 67 സീറ്റ് മാത്രം. 
കോൺഗ്രസിന് വോട്ട് കൈമാറാനുള്ള കഴിവില്ലെന്നും ഇനിയങ്ങോട്ട് ഒരു പാർട്ടിയുമായും തെരഞ്ഞെടുപ്പിന് മുമ്പ് കൈകോർക്കില്ലെന്നും അന്ന് കാൻഷി റാം പ്രഖ്യാപിച്ചു. സമീപകാലം വരെ ഈ അലിഖിത നിയമം കാൻഷി റാമിന്റെ പിൻഗാമി മായാവതി പിന്തുടർന്നു. എന്നാൽ ബി.ജെ.പിയെ തളക്കാനായി ബദ്ധശത്രു എസ്.പിയുമായി ബി.എസ്.പി കൈകോർത്തിരിക്കുകയാണ്. 
2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതും സമാനമായ തിരിച്ചടിയാണ്. എസ്.പിയും കോൺഗ്രസുമാണ് ഇത്തവണ സഖ്യമുണ്ടാക്കിയത്. എസ്.പിയുടെ സീറ്റ് 224 ൽനിന്ന് 47 ആയി ചുരുങ്ങി. കോൺഗ്രസിന്റേത് ഇരുപത്തെട്ടിൽനിന്ന് ഏഴായി. നേതാക്കൾ പറഞ്ഞാൽ വോട്ട് കൈമാറുന്ന അനുയായികൾ ബി.എസ്.പിയുടേതാണെന്നും മറ്റു പാർട്ടികൾക്കെല്ലാം ഇക്കാര്യത്തിൽ അണികളെ അങ്ങനെ വിശ്വസിക്കാനാവില്ലെന്നും പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ് പറയുന്നു. 
ബിഹാറിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലുമെല്ലാം അവസാന നിമിഷത്തിലാണ് സഖ്യങ്ങൾ യാഥാർഥ്യമായത്. ഇതിൽ പലതും എതിരാളികൾ തമ്മിലുള്ള ഏച്ചുകൂട്ടലുകളാണ്. സഖ്യങ്ങളിൽ ചില പാർട്ടികൾ കൂടുതൽ നേട്ടമുണ്ടാക്കും. 
എസ്.പി-ബി.എസ്.പി സഖ്യമാണ് ഏറ്റവും അവിശ്വസനീയം. 1993 നു ശേഷം ദളിതുകളും ഒ.ബി.സിക്കാരും അത്ര അനുരഞ്ജനത്തിലല്ല. 2018 ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ എസ്.പി സ്ഥാനാർഥികൾക്ക് ബി.എസ്.പി വോട്ട് കിട്ടി. ഫൂൽപുരിലും ഗോരഖ്പുരിലും ബി.എസ്.പി പിന്തുണയോടെ എസ്.പി സ്ഥാനാർഥികൾ ജയിച്ചു. എസ്.പി വോട്ട് ബി.എസ്.പിക്ക് കിട്ടുമോയെന്നാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അറിയേണ്ടത്. രാഷ്ട്രീയ കൗശലത്തിന് പേരെടുത്ത യാദവ സമുദായം ദളിതുകൾക്ക് വോട്ട് ചെയ്യുമോയെന്ന് പലരും സംശയിക്കുന്നു. 2017 ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പിയും ബി.എസ്.പിയും ബി.ജെ.പിക്കൊപ്പം വോട്ട് നേടിയിരുന്നു. 
2015 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവും കോൺഗ്രസും ആർ.ജെ.ഡിയും ചേർന്നുണ്ടാക്കിയ മഹാഗഡ്ബന്ധൻ (വിശാല സഖ്യം) വൻ വിജയമായിരുന്നു. ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും ബദ്ധശത്രുക്കളായിരുന്നുവെങ്കിലും പാർട്ടികളുടെ ഐക്യം ഫലം കണ്ടു. സഖ്യം 35.2 ശതമാനം വോട്ട് നേടി. ബി.ജെ.പിക്ക് 24.4 ശതമാനം വോട്ടേ കിട്ടിയുള്ളൂ. ആർ.ജെ.ഡി-ജെ.ഡി.യു സഖ്യം ജനങ്ങളുടെ ആവശ്യമായിരുന്നു എന്നതാണ് ഈ വിജയത്തിന് കാരണമെന്ന് ആർ.ജെ.ഡി വക്താവ് എം.പി മനോജ് ഝാ പറഞ്ഞു. ആർ.ജെ.ഡി വോട്ട് ജെ.ഡി.യുവിനും തിരിച്ചും കിട്ടി. 
കഴിഞ്ഞ ഇലക്ഷനു ശേഷം ബി.ജെ.പിയെ ആക്രമിക്കാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കിയിട്ടില്ലാത്ത ശിവസേന പതിനൊന്നാം മണിക്കൂറിൽ ബി.ജെ.പിയുമായി സഖ്യമുണ്ടായിരിക്കുകയാണ്. അണികൾ ഇത് അംഗീകരിക്കുമോയെന്ന് സംശയമാണ്. മോഡി തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന ബി.ജെ.പി അണികൾ ശിവസേനാ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ സാധ്യതയേറെയാണ്. എന്നാൽ തിരിച്ച് അങ്ങനെ വോട്ട് കിട്ടണമെന്നില്ല. 
ബിഹാറിൽ ബി.ജെ.പി വേരോട്ടമുണ്ടാക്കിയത് ജനതാദൾ യു സഖ്യത്തിലൂടെയാണ്. ഇത്തവണയും ബിഹാറിലെ സഖ്യത്തിൽ ബി.ജെ.പിക്കാണ് കൂടുതൽ ഗുണം ലഭിക്കുക. 10 ശതമാനം മുന്നോക്ക സംവരണത്തിന്റെ പേരിൽ ബിഹാറിൽ ബി.ജെ.പി രോഷം നേരിടുകയാണ്. ബി.ജെ.പിയോടുള്ള രോഷം ജെ.ഡി.യുവിനും തിരിച്ചടിയാവും. ബിഹാർ ജനസംഖ്യയിൽ പകുതിയും ഒ.ബി.സി വിഭാഗത്തിൽ പെട്ടവരാണ്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സംവരണമാണ് ആയുധമാക്കുന്നത്. 
2014 ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 ശതമാനവും ടി.ഡി.പി 15 ശതമാനവും വോട്ട് നേടിയിരുന്നു. 2019 ൽ ഈ പാർട്ടികൾ കൂട്ടുചേർന്നപ്പോൾ 40 ശതമാനം വോട്ട് കിട്ടേണ്ടതായിരുന്നു. ടി.ആർ.എസിന് 2014 ൽ കിട്ടിയത് 34 ശതമാനം വോട്ട് മാത്രമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കോൺഗ്രസും ടി.ഡി.പിയും ദയനീയ പരാജയം നുണഞ്ഞു. 119 അംഗ നിയമസഭയിൽ സഖ്യത്തിന് കിട്ടിയത് 21 സീറ്റ് മാത്രം കോൺഗ്രസിന് പത്തൊമ്പതും ടി.ഡി.പിക്ക് രണ്ടും. ആന്ധ്രാ വിഭജനത്തെ എതിർത്ത ടി.ഡി.പിയുമായി കോൺഗ്രസ് കൈകോർത്തത് ടി.ആർ.എസിലേക്ക് വോട്ട് മറിയാൻ ഇടയായെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വോട്ട് ടി.ഡി.പിക്കു ലഭിച്ചില്ല. 
തമിഴ്‌നാട്ടിൽ ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ബന്ധവും എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യവും അത്ര വിജയമാവണമെന്നില്ലെന്നാണ് വിലയിരുത്തൽ. എ.ഐ.എ.ഡി.എം.കെ വോട്ടുകളാണ് കൂട്ടത്തിൽ വിശ്വസിക്കാവുന്നത് എന്നാണ് നിരീക്ഷകർ കരുതുന്നത്. അസമിൽ ബി.ജെ.പിയും അസം ഗണപരിഷത്തും വീണ്ടും കൈകോർത്തുവെങ്കിലും അണികൾ ഇത് അംഗീകരിക്കുന്ന കാര്യം സംശയമാണ്. പ്രത്യേകിച്ചും ബി.ജെ.പിക്കെതിരെ എ.ജി.പി അണികളിൽ രോഷം പുകയുകയാണ്. പരസ്പരം വിഷം തുപ്പിയ നേതാക്കൾ ഒരുമിച്ചു പ്രചാരണം നടത്തിയതുകൊണ്ട് വലിയ നേട്ടമുണ്ടാവില്ലെന്നാണ് തേസ്പൂർ യൂനിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ ചന്ദൻ ശർമ പറയുന്നത്. അണികളെ വിശ്വസിപ്പിക്കാനാവണം യു.പിയിൽ മായാവതിയും അഖിലേഷ് യാദവും 11 റാലികളിലാണ് ഒരുമിച്ചു പങ്കെടുക്കുന്നത.്

Latest News