ന്യൂദല്‍ഹി- ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റ് (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങളിലെ കൂടുതല്‍ സ്ലിപ്പുകളും എണ്ണണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വിവിപാറ്റ് സ്ലിപ്പുകള്‍ എല്ലാം എണ്ണി അത് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുമായി ഒത്തു നോക്കുന്നതിനുള്ള പ്രയാസങ്ങളെന്താണെന്ന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി കമ്മീഷനോട് ഉത്തരവിട്ടു. 'വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ധിപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. ഒരു പോളിങ് ബൂത്തിലെ ഒരു വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ മാത്രമെ എണ്ണുകയുള്ളൂവെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ പറയുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ കഴിയില്ലെ,' ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളിലെ 50 ശതമാനം സ്ലിപ്പുകളും എണ്ണി വോട്ടിംങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്.
ഒരോ നിയമസഭാ മണ്ഡലങ്ങളിലും ഒരോന്ന് എന്ന തോതിലാണ് വിവപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചു. ഈ സംവിധാനം നന്നായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. എങ്കിലും ഇതു മെച്ചപ്പെടുത്തണമെന്നാണ് നിലപാടെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കോടതികള്‍ ഉള്‍പ്പെടെ ഒരു സ്ഥാപനവും നിര്‍ദേശങ്ങള്‍ മാനിക്കാതിരിക്കാന്‍ പാടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ എന്തു കൊണ്ട് കൂടുതല്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ല? ഇതിനു സുപ്രീം കോടതിയുടെ ഉത്തരവ് വേണോ?- ചീഫ് ജസ്റ്റിസ് ചോദിച്ചു.
വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് സമ്മതിദായകര്‍ക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ പുതിയ രസീത് സംവിധാനമാണു വിവിപാറ്റ് (Voter Verifiable Paper Audit Trial - VVPAT). രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പ്രിന്റ് ചെയ്ത കടലാസ് സ്ലിപ്പ് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തില്‍ സമ്മതിദായകര്‍ക്ക് കാണിച്ചുനല്‍കുന്ന രീതിയാണിത്. തങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് അഥവാ ചിഹ്നത്തിന് തന്നെയാണോ വോട്ട് ചെയ്തതെന്ന് ഇതുവഴി ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയും.