Sorry, you need to enable JavaScript to visit this website.

അന്ന് മിന്നൽപ്പിണർ, ഇന്ന് മതപ്രചാരക

അക്ഷര ജ്യോതി മൻ

2014 ലെ ലോക്‌സഭാ ഇലക്ഷനിൽ അപ്രതീക്ഷിതമായി മത്സരിക്കാൻ അവസരം കിട്ടുകയും വലിയ ഓളം സൃഷ്ടിക്കുകയും ചെയ്ത സ്ഥാനാർഥിയാണ് അക്ഷര ജ്യോതി മൻ. തൂപ്പുകാരിയുടെ മകളായ ഇരുപത്തെട്ടുകാരിയെ പഞ്ചാബിലെ പ്രധാനപ്പെട്ട ജലന്ധർ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയാക്കി. 
ഈ അധ്യാപിക മണ്ഡലത്തിലെ കോൺഗ്രസ്, അകാലിദൾ സ്ഥാനാർഥികളെ വിറപ്പിച്ചു. രണ്ടര ലക്ഷത്തിലേറെ വോട്ട് പിടിച്ചു. മൊത്തം പോൾ ചെയ്തതിന്റെ 25 ശതമാനത്തോളം. 
പാർലമെന്റ് സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത അവസരത്തിൽ സ്ഥാനാർഥി വേഷം കെട്ടിയ അക്ഷര ജ്യോതി അഞ്ചു വർഷം പിന്നിടുമ്പോൾ എ.എ.പിയിലില്ല. മതപ്രചാരകയാണ് ഇപ്പോൾ അവർ. 
2014 ൽ ബിസിനസുകാരനായ രാജേഷ് പദമിനെയാണ് ജലന്ധറിൽ മത്സരിക്കാൻ എ.എ.പി കണ്ടുവെച്ചത്. 
എന്നാൽ രാജേഷിനെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടി അണികൾക്കിടയിൽ ശക്തമായ അമർഷം ഉടലെടുത്തു. 
അങ്ങനെയാണ് അക്ഷര അപ്രതീക്ഷിതമായി എത്തിയത്. ജലന്ധറിൽ വാൽമീകി സമുദായത്തിലെ രോഷം മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നു അന്ന് എ.എ.പി. കോൺഗ്രസും അകാലിദളും സമുദായത്തെ അവഗണിക്കുകയാണെന്നും രവിദാസിയ സമുദായാംഗങ്ങളെ സ്ഥാനാർഥികളാക്കാറെന്നും പരാതി ഉണ്ടായിരുന്നു. രാജേഷിനെ പോലെ വാൽമീകി സമുദായാംഗമാണ് അക്ഷര. ഇരുവരും ഒരു ഗുരുവിനെ പിൻപറ്റുന്നവരുമാണ്. 
അക്ഷര സ്ഥാനാർഥിയായി രംഗത്തു വരുമ്പോൾ ഇലക്ഷന് ആഴ്ചകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കോൺഗ്രസിന്റെ ചൗധരി സന്തോക് സിംഗിനും അകാലിദളിന്റെ പവൻ ടിനുവിനും കനത്ത വെല്ലുവിളി സമ്മാനിക്കാൻ അക്ഷരക്കു സാധിച്ചു. 
വീണ്ടും ഇലക്ഷൻ ആസന്നമായപ്പോൾ അക്ഷര അധ്യാപികയല്ല. മത വിദ്യാഭ്യാസ സംഘടനയായ ആദി ധർമസമാജത്തിന്റെ മുഴുസമയ പ്രചാരക ധർമജ്ഞയാണ് അവർ. അകാലിദൾ അംഗം കൂടിയായി അവർ. അകാലിദൾ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റുമാണ്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അക്ഷരയെ പുറത്താക്കിയെന്നാണ് എ.എ.പി പറയുന്നത്. എന്നാൽ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എ.എ.പി വിട്ട് അകാലിദളിൽ ചേർന്നുവെന്നാണ് അക്ഷര പറയുന്നത്. വാൽമീകി സമുദായത്തിന്റെ ഉന്നമനം മാത്രമാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്നും അവർ പറയുന്നു.  

Latest News