ലഖ്‌നൗ- അയോധ്യ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചു. രാവിലെ ചേരുന്ന 51 അംഗ പ്രവര്‍ത്തക സമിതി യോഗത്തില്‍ സുന്നി വഖഫ് ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കു. രാമജന്മഭൂമി-ബാബ് രി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥ കമ്മിറ്റി കഴിഞ്ഞ 13-ന് യോഗം ചേര്‍ന്ന് ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേട്ടിരുന്നു. മധ്യസ്ഥ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടി സമതിക്ക് നേതൃത്വം നല്‍കുന്ന പരമോന്നത കോടതയിലെ മുന്‍ ജഡ്ജി എഫ് എം ഇബ്രാഹിം ഖലീഫുല്ല പറഞ്ഞിരുന്നു.
ഈ മാസം എട്ടിനാണ് ഭൂമി തര്‍ക്കം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ സമിതിക്ക് വിട്ടത്. മധ്യസ്ഥ പ്രക്രിയ ഉത്തര്‍പ്രദേശലി ഫൈസാബാദില്‍ നടത്തണമെന്നും യു.പി സര്‍ക്കാര്‍ എല്ലാ സൗകര്യവും നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി മൂന്നായി ഭാഗം വെക്കുന്നതിന് 2010 സെപ്റ്റംബര്‍ 30-ന് അലഹബാദ് ഹൈക്കോടതി നല്‍കിയ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചിരുന്നത്. ഭൂമി നിര്‍മോഹി അഖാര, സുന്നി സെന്‍ട്രല്‍ ബോര്‍ഡ്, രാംലല്ല വിരജ്മാന്‍ എന്നിവക്ക് വിഭജിച്ച് നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.