Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ, അഭിമാനം തോന്നുന്നു-ടി. സിദ്ദീഖ്

ന്യൂദൽഹി- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയായി രാഹുൽ ഗാന്ധി മാറുമെന്ന് വയനാട്ടിലേക്ക് നേരത്തെ നിശ്ചയിക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി ടി. സിദ്ദീഖ്. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതോടെ എന്നേക്കാൾ വലിയ ഭാഗ്യമുള്ള മറ്റൊരു കോൺഗ്രസ് പ്രവർത്തകനുമില്ലെന്നും സിദ്ദീഖ് പറഞ്ഞു. ദക്ഷിണേന്ത്യയിൽനിന്ന് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വഴിയൊരുക്കുമെന്നും സിദ്ദീഖ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കുന്നതിനുള്ള സർജിക്കൽ സ്‌ട്രൈക്കാണിത്. വടകരയിൽ കോൺഗ്രസ് നടത്തിയ സർജിക്കൽ സ്‌ട്രൈക്കായിരുന്നു കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വം. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നത് ദക്ഷിണേന്ത്യയിൽ കോൺഗ്രസ് നടത്തുന്ന മറ്റൊരു സർജിക്കൽ സ്‌ട്രൈക്കാണെന്നും സിദ്ദീഖ് വ്യക്തമാക്കി. ഒരു തരത്തിലുള്ള ആവശ്യങ്ങളും രാഹുലിന് മുന്നിൽ വെച്ചിട്ടില്ലെന്നും ഇത് രാഹുൽ ഗാന്ധിയോട് കോൺഗ്രസ് അങ്ങോട്ട് വെച്ച ആവശ്യമാണെന്നും സിദ്ദീഖ് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറുന്നതിൽ അഭിമാനമുണ്ടെന്നും ഇതിനേക്കാൾ വലിയ ഭാഗ്യം ലഭിക്കാനില്ല. വയനാട്ടിലെ ജനങ്ങൾ ഇന്ത്യയുടെ മുന്നിലേക്ക് വരികയാണ്. വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണിതെന്നും സിദ്ദീഖ് വ്യക്തമാക്കി.
 

Latest News