ഗുരുഗ്രാം- ഇരുപതോളം പേരടങ്ങുന്ന ഹിന്ദുത്വ തീവ്രവാദികള്‍ ഗുരുഗ്രാമിലെ ഒരു മുസ്ലിം കുടുംബത്തെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ചു. ഇരുമ്പു ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കുടുംബത്തിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രായമായ സ്ത്രീകള്‍ക്കും മര്‍ദനമേറ്റു. വീട്ടിനകത്തെ മുറികളില്‍ കയറി ആക്രമികള്‍ ആഭരണങ്ങളും 25,000 രൂപയും കവര്‍ന്നതായും കുടുംബം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നരമുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഹോളി ദിവസമുണ്ടായ ഒരു തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആസൂത്രിതമായാണ് ഹിന്ദുത്വ തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം പേര് ചേര്‍ന്ന് ആക്രമിച്ചതെന്ന് ഇരയാക്കപ്പെട്ട കുടുംബ പറയുന്നു. ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു വധശ്രമം കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വീടിനു നേര്‍ക്ക് കല്ലെറിഞ്ഞു പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകല്‍ നശിപ്പിച്ചുമാണ് ഗുണ്ടകള്‍ ആക്രമണം തുടങ്ങിയതെന്ന് വീ്ട്ടുടമയായ മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു. ദില്‍ഷാദിന്റെ അമ്മാവന് മുഹമ്മദ് സാജിദും ഭാര്യയും ആറു മക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ബാദ്ഷാപൂരിലെ മറ്റൊരു വീട്ടില്‍ കഴിയുന്ന താന്‍ ഹോളി ആഘോഷത്തിനായി എത്തിയതായിരുന്നുവെന്ന് ദില്‍ഷാദ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അയല്‍ക്കാരുമൊത്ത് തൊട്ടടുത്ത ഒരു ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു. ഈ സമയം മൂന്ന് ബൈക്കുകളിലെത്തിയ ഒമ്പതു പേര് ഇവിടെ കളിക്കരുതെന്ന് പാക്കിസ്ഥാനിലേക്ക് പോകാനും ആജ്ഞാപിച്ചു. കളി നിര്‍ത്തി വീട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് വൈകുന്നേരം 5.30 ആയതോടെ ഈ ഒമ്പതു പേര് ബൈക്കുകളില്‍ വീണ്ടും വീട്ടിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന്് ദില്‍ഷാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയിലാണ് പത്തോളം പേര് ചേര്‍ന്ന് ഭൂപ് സിങ് നഗറിലെ മുസ്ലിം കുടുംബത്തെ വീട്ടില്‍ കയറി ആക്രമിക്കുന്ന ദൃശ്യമുള്ളത്. തലയില്‍ നിന്ന് രക്തമൊലിക്കുന്ന നിലയിലുള്ള യുവാവിനെ ബോധരഹിതനായി വീഴുന്നതു വരെ അടിക്കുന്ന ദൃശ്യവും ഇതിലുണ്ട്. മറ്റൊരാള്‍ ഒരു മൂലയില്‍ അനക്കമില്ലാതെ കിടക്കുന്നതും കാണാം. ഇദ്ദേഹത്തേയും ആക്രമികള്‍ തുരുതുരെ അടിക്കുന്നുണ്ട്. വീട്ടിലെ സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളിയും കേള്‍ക്കാം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിനിരയായ കുടുംബത്തിലെ ദാനിഷ്ത എന്ന 21കാരിയാണ് വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോ പകര്‍ത്തുന്നത് കണ്ടാണ് ആക്രമികല്‍ പിന്തിരിഞ്ഞത് ദാനിഷ്ത പറയുന്നു. രണ്ടാം നിലയിലെ ടെറസിനു മുകളില്‍ കയറി വാതിലടച്ചാണ് ഞ്ങ്ങള് ഏഴു പേര് രക്ഷപ്പെട്ടതെന്ന് ദാനിഷ്ത പറഞ്ഞു. വിഡിയോ പിടിക്കുന്നതു കണ്ട അക്രമികളിലൊരാല്‍ അവളെയും ഫോണും പിടികൂടൂ എന്നാക്രോശിച്ചു. ഇതോടെ മുകളിലെ നിലയിലേക്ക് ഓടിക്കയറുകുയും ഫോണ്‍ ഒളിപ്പിക്കുകയുമായിരുന്നുവെന്ന് ദാനിഷ്ത പറഞ്ഞു.
അക്രമി സംഘം ഇരുമ്പു ദണ്ഡുകലും ഹോക്കി സ്റ്റിക്കുകളും പൈപ്പുകളും ഉപയോഗിച്ചാണ് മര്‍ദിച്ചത്. സംഭവത്തില്‍ കുടുംബത്തിലെ സത്രീകളും കുട്ടികളും ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റതായി ദില്‍ഷാദ് പറഞ്ഞു. പോലീസിനെ വിവരമറിയിച്ചെങ്കിലും മുക്കാല്‍ മണിക്കൂറോളം സമയം പിന്നിട്ട ശേഷമാണ് എത്തിയതെന്നും സഹായത്തിനായി ബെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു കൊണ്ടിരുന്നതായും കുടുംബം ആരോപിച്ചു. ഇതിനിടെ ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. ഭോന്‍ഡ്സി പോലീസ് സ്റ്റേഷനില്‍ ആക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആറു പേരെ അറസ്റ്റ് ചെയ്തതായും വിഡിയോയിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എസിപി ശാംഷെര്‍ സിങ് പറഞ്ഞു.