ഭീകരാക്രമണം: തുര്‍ക്കിയും ന്യൂസിലാന്‍ഡും ഇടയാന്‍ കാരണമെന്ത്?

ഇസ്താംബൂള്‍- ന്യൂസിലാന്‍ഡില്‍ 50 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ സ്വീകരിച്ച നടപടികള്‍ വ്യാപകമായി പ്രശംസിക്കപ്പെടുമ്പോള്‍ പ്രകോപന നിലപാട് സ്വീകരിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് പരക്കെ വിമര്‍ശം. ഈ മാസം 15-ന് രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ജസിന്ത തന്നാലാവുന്ന പരമാവധി നടപടികള്‍ സ്വീകരിച്ചിരുന്നു.
കൊല്ലപ്പെട്ടവരെ നമ്മള്‍ എന്നു വിശേഷിപ്പിച്ച അവര്‍ തോക്കുധാരിയുടെ വംശീയവെറിക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അയാളുടെ പേരു പോലും തന്‍ ഉച്ചരിക്കില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡിലെ പള്ളികളില്‍നടന്ന ആക്രമണം വ്യാപക ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച തുര്‍ക്കി പ്രസിഡന്റിന്റെ പ്രസ്താവനയെ ചോദ്യം ചെയ്യാന്‍ വിദേശ കാര്യമന്ത്രിയെ ഇസ്താംബൂളിലേക്ക് അയക്കുമെന്ന് പ്രഖ്യാപിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി.
മാസാവസാനം പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ലക്ഷ്യമിട്ടാണ് ഉര്‍ദുഗാന്‍ പ്രകോപനം സൃഷ്ടിക്കുന്നതെന്നാണ് ആരോപണം.
തുര്‍ക്കിക്കും ഇസ്്‌ലാമിനുമെതിരായ വ്യാപകമായ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിക്കുകയാണ്. തുര്‍ക്കി പൗരന്മാരെ യൂറോപ്പില്‍നിന്ന് പുറത്താക്കാനും ഉര്‍ദുഗാനെ കൊല്ലാനും വംശീയ വെറിയന്‍ അക്രമി ഓണ്‍ലൈനില്‍ നല്‍കിയ പ്രഖ്യാപനത്തിലുണ്ടെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിനു പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ട് പടിഞ്ഞാറന്‍ ശക്തികള്‍ മൗനം പാലിക്കുന്നു. എന്തു കൊണ്ട് പാശ്ചാത്യ മാധ്യമങ്ങള്‍ മിണ്ടുന്നില്ല. കാരണം അവരാണ് മാനിഫെസ്റ്റോ തയാറാക്കി അക്രമിക്ക് നല്‍കിയത്- ഉര്‍ദുഗാന്‍ ആരോപിക്കുന്നു.

 

Latest News