ന്യുദല്‍ഹി- വന്‍ സാമ്പത്തിക പ്രതിസന്ധിയിലായി ്അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതു പണം ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ജെറ്റ് എയര്‍വേയ്‌സ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കോടികളുടെ കടം ഓഹരിയാക്കി മാറ്റാന്‍ നടക്കുന്ന നീക്കങ്ങളാണ് ആരോപണത്തിന് അടിസ്ഥാനം. ജെറ്റിനെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ഈ ബാങ്കുകള്‍ക്ക് ജെറ്റ് എയര്‍വേയ്‌സ് 8,500 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ വന്‍ തുക ഓഹരി ഒന്നിനു രൂപ നിരക്കില്‍ ജെറ്റ് എയര്‍വേയ്‌സ് ഓഹരികളാക്കി മാറ്റുന്നതാണ് നിര്‍ദ്ദിഷ്ട കടംതീര്‍ക്കല്‍ പദ്ധതി. ഇതു നടപ്പിലായാല്‍ ജെറ്റിന്റെ 50 ശതമാനം ഉടമാവകാശം എസ്ബിഐക്കും മറ്റു പൊതുമേഖലാ ബാങ്കുകള്‍ക്കും ലഭിക്കും. ഇതിനു പുറമെ ജെറ്റ് എയര്‍വേയില്‍ യുഎഇ വിമാന കമ്പനി ഇത്തിഹാദിനുള്ള 24 ശതമാനം ഓഹരി 150 രൂപാ നിരക്കില്‍ വാങ്ങാന്‍ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം ചെയ്യുന്നത് ജെറ്റിന്റെ മൂല്യം സ്വതന്ത്രമായി നിര്‍ണയിക്കാതെയും ജാഗ്രത ഇല്ലാതെയുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.
സര്‍ക്കാര്‍ നടത്തിവരുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലും കാത്തിരിക്കാതെയാണ് സര്‍ക്കാര്‍ ഈ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദേശികളായ നിക്ഷേപകര്‍ക്ക് പങ്കുള്ള പാപ്പരായ ഒരു കോര്‍പറേറ്റ് കമ്പനിക്ക് പൊതു പണം ഉപേയാഗിച്ച് കടംതീര്‍ക്കാന്‍ പദ്ധതി ഒരുക്കുന്ന മോഡി കടക്കെണിയിലായ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സുര്‍ജെവാല ആരോപിച്ചു.
കടംതീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തി പ്രതിസന്ധിയിലായ എല്ലാ സൗഹൃദ മുതലാളിമാരേയും പൊതുപണം ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ രക്ഷപ്പെടുത്തുമോ? പൊതുപണം കൊള്ളയടിക്കുന്ന പുതിയ മാര്‍ഗമാണോ ഇത്? -അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പൊതുമേഖലാ ബാങ്കുകളും പൊതു പണത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണെന്നും ഇതു ചെലവഴിക്കുന്നതു സംബന്ധിച്ച് ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.