ന്യൂദൽഹി- ഇന്ത്യയിലെ മുസ്‌ലിംകളെ പാക്കിസ്ഥാനിലേക്ക് അയക്കണം എന്ന പൊതുതാൽപര്യഹരജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഉത്തരാഖണ്ഡിൽനിന്നുള്ള സംഗത് സിംഗ് ചൗഹാൻ എന്നയാളാണ് മുസ്‌ലിംകളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. താൻ സാമൂഹ്യപ്രവർത്തകനാണെന്നും 56 തരത്തിലുള്ള നികുതികൾ അടക്കുന്നുണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. പാക്കിസ്ഥാനിലുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും ഇന്ത്യയിൽനിന്നുള്ള മുസ്‌ലിംകളെ മുഴുവൻ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇതിനായി പതിനെട്ടോളം കാരണങ്ങളും ഇയാൾ നിരത്തിയിരുന്നു.
പൊതു താൽപര്യ ഹരജി പരിഗണിക്കുമ്പോൾ തന്നെ ജസ്റ്റിസ് നരിമാൻ അസ്വസ്ഥനായി കാണപ്പെട്ടു. ഈ കേസ് വാദിക്കണം എന്ന് ഗൗരവമായി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഹരജിക്കാരന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ഇല്ലെന്ന് അഭിഭാഷകൻ മറുപടി പറഞ്ഞതോടെ ഉടൻ കേസ് തള്ളുന്നതായി ജസ്റ്റിസ് പ്രഖ്യാപിച്ചു.