ക്രൈസ്റ്റ്ചർച്ച് - ന്യൂസിലാന്റിലെ സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓസ്‌ട്രേലിയൻ ഭീകരൻ ആദ്യം ആക്രമിച്ചത് അൽനൂർ മസ്ജിദിലെ ഇമാമിനെയായിരുന്നെന്ന് ആക്രമണത്തിൽ പരിക്കേറ്റ സൗദി വിദ്യാർഥി അസീൽ അൽഅൻസാരി പറഞ്ഞു. അൽനൂർ മസ്ജിദിൽ പോലീസ് എത്താൻ കാലതാമസം നേരിട്ടു. ഇമാം ഖുതുബ നിർവഹിച്ച് പൂർത്തിയായ ഉടനെയാണ് ഭീകരൻ അൽനൂർ മസ്ജിദിൽ പ്രവേശിച്ച് വെടിവെപ്പ് ആരംഭിച്ചതെന്ന് അസീൽ പറഞ്ഞു. മസ്ജിദിന്റെ കവാടം വഴി രക്ഷപ്പെടുന്നതിനിടെയാണ് തനിക്ക് വെടിയേറ്റത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പത്തു മിനിറ്റിനു ശേഷം വീട്ടുടമയാണ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അൽനൂർ മസ്ജിദിൽ ഒരു ഭീകരൻ മാത്രമാണ് ആക്രമണം നടത്തിയത്. രണ്ടാമത്തെ മസ്ജിദിൽ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. അൽനൂർ മസ്ജിദിലെ ആക്രമണത്തെ കുറിച്ച് അറിയിച്ച് പതിനഞ്ചു മിനിറ്റിനു ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും അസീൽ അൽഅൻസാരി പറഞ്ഞു.