സാന്‍ഫ്രാന്‍സിസ്‌കോ: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവഹര്‍ത്തനരഹിതമായതോടെ റഷ്യന്‍ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനുണ്ടായത് വന്‍ നേട്ടം. ടെക്ക് ക്രഞ്ച് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റ ദിവസം കൊണ്ട് ടെലിഗ്രാമിന് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെയാണ്. 24 മണിക്കൂറില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ടെലിഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തതായി ടെലിഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവും പറഞ്ഞു.
ബുധനാഴ്ച രാത്രിമുതല്‍ 14 മണിക്കൂര്‍ നീണ്ടു നിന്ന സാങ്കേതിക തകരാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളെ വലച്ചു. എന്നാല്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചുവെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. എന്‍ക്രിപ്ഷന്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ സുരക്ഷയാണ് ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാത്തതിന്റെ പേരില്‍ റഷ്യന്‍ ഭരണകൂടവും ടെലിഗ്രാമും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 20 കോടി പ്രതിമാസ ഉപയോക്താക്കള്‍ ടെലിഗ്രാമിനുണ്ട്.