വാഷിങ്ടണ്‍- അനധികൃതമായി ഇന്ത്യക്കാരെ യുഎസിലേക്കു കടത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യന്‍ യുവാവിനെ യുഎസ് കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചു. 38കാരന്‍ ഭാവിന്‍ പട്ടേലിനെയാണ് ന്യൂ ജഴ്‌സി കോടതി ശിക്ഷിച്ചത്. പണം സമ്പാദിക്കാനാണ് പ്രതി കുറ്റം ചെയ്തതെന്നും കോടതി പറഞ്ഞു. തടവിനു പുറമെ രണ്ടര ലക്ഷം യുഎസ് ഡോളര്‍ പിഴയും കോടതി ചുമത്തി. ഭാവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് ആളുകളെ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചത്. പണം വാങ്ങി ഇന്ത്യക്കാരേയും മറ്റു വിദേശികളേയും കടത്തിയതായി പീന്നീട് കണ്ടെത്തിയതോടെയാണ് ഭാവിനെ വലയിലാക്കാനുള്ള നീക്കങ്ങളാരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളക്കടത്തുകാരന്റെ വേഷത്തില്‍ ബാങ്കോക്കില്‍ വച്ച് ഭാവിനെ പലതവണ കണ്ടു. ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യക്കാരെ യുഎസിലേക്കു കടത്താന്‍ ഭാവിന്‍ സഹായം തേടി. ഇതോടെയാണ് പ്രതി വലയിലായത്. ഈ ബന്ധം ഉപയോഗിച്ച് ഭാവിന്‍ ആറ് ഇന്ത്യക്കാരെ തായ്‌ലാന്‍ഡ് വഴി യുഎസിലേക്കു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരെ യുഎസില്‍ എത്തിച്ചാല്‍ പണം നല്‍കാമെന്നും പറഞ്ഞുറപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ യുഎസിലെ നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തിലിറങ്ങിയ ഭാവിനെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.