ന്യൂദല്‍ഹി: മുസഫര്‍നഗര്‍ കലാപത്തിലെ സാക്ഷിയെ വെടിവെച്ചുകൊന്നു. കലാപത്തിനിടെ തന്റെ രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷിയായ അഷ്ബാബ് (35) ആണ് കൊല്ലപ്പെട്ടത്. യുപിയിലെ ഇന്ദിരാ മൂര്‍ത്തി മേഖലയിലെ ചന്തയില്‍ തിങ്കളാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടി ഉതിര്‍ത്തത്. ഇവിടെ പാല്‍ക്കച്ചവടം നടത്തുന്ന അഷ്ബാബ് അഞ്ച് വെടിയുണ്ടകളേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അതേസമയം മുമ്പും പ്രതികളില്‍ നിന്ന് തനിക്ക് വധ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് അഷ്ബാബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്ന് അഷ്ബാബിന്റെ അഭിഭാഷകന് നസീര്‍ അലി പറഞ്ഞു. കേസിലെ ആറ് പ്രതികളും ജാമ്യത്തില്‍ പുറത്തുണ്ട്. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടേക്കും എന്ന ഭീതിയെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ പൊലീസില്‍ പരാതി നല്‍കിയത് നസീര്‍ അലി വ്യക്തമാക്കി.
ഭീഷണിയെ തുടര്‍ന്ന് മുസഫര്‍നഗറിലെ ഖേരി ഗ്രാമം വിട്ട് തങ്ങള്‍ക്ക് ഓടിപ്പോരേണ്ടി വന്നുവെന്ന് അഷ്ബാബിന്റെ പിതാവ് അഖ്തര്‍ പറഞ്ഞു. രണ്ട് മക്കള്‍ കൊല്ലപ്പെടുകയും അതിന് ദൃക്സാക്ഷിയായ മകന്റെ ജീവന് ഭീഷണി ഉണ്ടാവുകയും ചെയ്തതോടെയാണ് ഉള്ളതെല്ലാം ഉപേക്ഷിച്ച് നാടുവിട്ടത്. തങ്ങള്‍ക്ക് ആരുമായും ശത്രുതയില്ല. കേസ് വിസ്താരവുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ മകനും കൊല്ലപ്പെട്ടത്. തന്റെ രണ്ട് സഹോദരങ്ങളെയും ക്രൂരമായി കൊല്ലുന്നത് കണ്ട അഷ്ബാബിനോട് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനൊരിക്കലും അഷ്ബാബ് വഴങ്ങിയില്ലെന്നും അഖ്തര്‍ പറഞ്ഞു. അതേസമയം അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എസ്പി സത്പാല്‍ അന്തില്‍ അറിയിച്ചു.