ബീജിംഗ്- കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ശെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ബുധനാഴ്ച യുഎന്‍ രക്ഷാസമിതി പരിഗണിക്കും. എന്നാല്‍ ചര്‍ച്ചകളിലൂടെ മാത്രമെ യുക്തമായ പരിഹാരം കണ്ടെത്താനാവൂ എന്ന നിലപാടില്‍ ചൈന ഉറച്ചുനില്‍ക്കുകയാണ്.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുഎസും യുകെയും ഫ്രാന്‍സും സംയുക്തമായാണ് കൊണ്ടുവരുന്നത്. പത്തുവര്‍ഷത്തിനിടെ നാലാംതവണയാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. മുമ്പ് മൂന്നു തവണയും ചൈനയുടെ എതിര്‍പ്പു കാരണം പ്രമേയം പാസാക്കാനായില്ല.
കൃത്യമായ മാര്‍ഗനിര്‍ദേശവും നടപടിക്രമവും പാലിച്ചും ചര്‍ച്ചകളില്‍ പങ്കെടുത്തും ഉത്തരവാദിത്ത ബോധത്തോടെയുമാണ് ചൈനയുടെ സമീപനമെന്ന് ചൈനീസ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ മസൂദ് അസഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുന്നതിനു പുറമെ, ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും.