ഷാങ്ഹായ്: എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ചൈന ഒഴിവാക്കുന്നു. ചൈനയിലെ എയര്‍ലൈന്‍സ് കമ്പനികളോട് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉപയോഗിക്കരുതെന്നാണ് ചൈനീസ് ഏവിയേഷന്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ ഏത്യോപ്യന്‍ വിമാനക്കമ്പനിയുടെ ബോയിങ്ങിന്റെ 737 മാക്സ് എട്ട് വിമാനമാണ് അപകടത്തില്‍പെട്ടത്. 2017 ല്‍ പുറത്തിറക്കിയ ഈ മോഡലിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് ഇന്തോനേഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്സ് വിമാനം തകര്‍ന്നു വീണതാണ് ആദ്യത്തെ സംഭവം. അന്നത്തെ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചിരുന്നു. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കുള്ളിലാണ് ബോയിങ് വിമാനം തകര്‍ന്നുവീണത്. നെയ്റോബി വിമാനാപകടവും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകകമായിരുന്നു സംഭവിച്ചത്.
അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഈ വിമാനങ്ങള്‍ ഒഴിവാക്കണമെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാനാണ് തീരുമാനമെങ്കില്‍ ബോയിങ്ങില്‍ നിന്നും, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നും വിമാനത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പ് വാങ്ങേണ്ടതുണ്ടെന്നും ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്കി.
ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ബോയിങ്ങില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ത്യയില്‍ സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നീ എയര്‍ലൈന്‍ കമ്പനികള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.